പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകാത്ത പാലാ മുനിസിപ്പാലിറ്റിക്കെതിരെ പാലാ മുനിസിപ്പൽ ജനകീയ വികസന സമിതി ബൗ ബൗ സമരം പ്രഖ്യാപിച്ചിരുന്നു. നാളെ (29/11/2024) സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. മുദ്രാവാക്യങ്ങൾക്ക് പകരം ബൗ ബൗ എന്ന ശബ്ദം ഉണ്ടാക്കി ചെയർമാന്റെ ചേംബർ ഉപരോധിക്കും എന്നാണ് ജനകീയ വികസന സമിതി പ്രഖ്യാപിച്ചിരുന്നത്.
വ്യത്യസ്തമായ സമരമുറ വാർത്തകളിൽ ഇടം പിടിച്ചതോടെ അധികാരികൾ അപകടം മണത്തു. പാലാ മുനിസിപ്പൽ ജനകീയ വികസന സമിതി ചെയർമാൻ അഡ്വക്കേറ്റ് സന്തോഷ് മണർകാടുമായി ചർച്ച നടത്തിയ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ വിഷയത്തിൽ അടിയന്തര പരിഹാരം കാണുമെന്ന് വികസന സമിതിക്ക് ഉറപ്പു നൽകുകയായിരുന്നു. തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ചില സാങ്കേതിക മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട് എന്നും വിഷയം ചർച്ച ചെയ്യാനായി ഉടനടി കൗൺസിൽ യോഗം വിളിച്ചു ചേർക്കും എന്നും ചെയർമാൻ ഉറപ്പുനൽകിയെന്നാണ് ജനകീയ സമിതി അറിയിച്ചിട്ടുള്ളത്.
2010-15 കാലഘട്ടത്തിൽ ശ്രീ കുര്യാക്കോസ് പടവൻ നഗരസഭ അധ്യക്ഷനായിരിക്കെ തെരുവുനായ പുനരധിവാസത്തിനായി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ ഡോഗ് പാർക്ക് സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന ഭരണകൂടങ്ങളുടെ പദ്ധതിയോടുള്ള നിസ്സംഗമായ സമീപനം മൂലം ഡോഗ് പാർക്കും അനുബന്ധ സൗകര്യങ്ങളും നശിച്ചുപോവുകയായിരുന്നു. ഇത് പുനരുജീവിപ്പിക്കാൻ ആണ് നിലവിലെ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തന്റെ ശ്രമം എന്നും റിപ്പോർട്ടുകളുണ്ട്.
സമരം മാറ്റിവെച്ചത് താൽക്കാലിക നടപടിയാണ് എന്നും തെരുവുനായ നിർമ്മാർജ്ജനത്തിനും പുനരധിവാസത്തിനും ശാശ്വത പരിഹാരം കാണാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നഗര ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉടനടി ഉണ്ടായില്ലെങ്കിൽ സമര നടപടികളുമായി മുന്നോട്ടു പോകുമെന്നും മുനിസിപ്പൽ വികസന സമിതി ചെയർമാൻ അഡ്വക്കേറ്റ് സന്തോഷ് മണർകാർഡ് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കി. ജനകീയ വിഷയം എന്ന നിലയിൽ വലിയ പിന്തുണയും ഐക്യദാർഢ്യവുമാണ് സമര പ്രഖ്യാപനത്തിന് ലഭിച്ചതെന്നും സന്തോഷ് വ്യക്തമാക്കുന്നു. ഭരണസമിതിക്ക് ചെയർമാന്റെ അഭ്യർത്ഥനപ്രകാരം അവസാന അവസരമാണ് നൽകുന്നത് എന്നും ഇത്തവണ പരിഹാരം ഉണ്ടായില്ല എങ്കിൽ കടുത്ത സമരമുറകളും ആയി മുന്നോട്ടു പോകുമെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

















