അടിവസ്ത്രം ധരിക്കാത്ത മനുഷ്യർ വളരെ കുറവാണ്. അടിവസ്ത്രം ധരിക്കാതെ വീടിന് പുറത്തേക്ക് പോകുന്നതിനെ കുറിച്ച് പലർക്കും സങ്കല്‍പ്പിക്കാൻ തന്നെ കഴിയില്ല. ലോകത്തെ ഏറ്റവും ശക്തവും സുസ്ഥിരവുമായ വിപണികളിലൊന്ന് കൂടിയാണ് അടിവസ്ത്ര വിപണി. എന്നാല്‍, എന്നുമുതലാണ് മനുഷ്യർ അടിവസ്ത്രം ധരിച്ചുതുടങ്ങിയത് എന്ന് നിങ്ങള്‍ക്കറിയാമോ? ഏതു നാട്ടുകാരാണ് ആദ്യം അടിവസ്ത്രങ്ങള്‍ ധരിക്കാൻ തുടങ്ങിയതെന്നും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
മനുഷ്യർ ദീർഘകാലമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന സംഗതിയാണ് മേല്‍ചോദിച്ച രണ്ട് ചോദ്യങ്ങളുടെയും ഉത്തരം. ഇപ്പോഴിതാ, ഈ ചോദ്യങ്ങള്‍ക്കും ഉത്തരമായിരിക്കുകയാണ്. ഏതദേശം 40,000 വർഷങ്ങള്‍ക്കുമുമ്ബ് സൈബീരിയക്കാരാണത്രെ ലോകത്ത് ആദ്യമായി അടിവസ്ത്രങ്ങള്‍ നിർമ്മിച്ചതും അവ ഉപയോഗിച്ചതും. സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്ന് തുന്നാൻ ഉപയോഗിക്കുന്ന തരത്തിലുള്ള നിരവധി സൂചികള്‍ ഗവേഷകർ കണ്ടെത്തിയിരുന്നു. 40,000 വർഷത്തിലേറെ പഴക്കമുള്ളവയായിരുന്നു അവ. ചെറുതും വലതുമായ അതി സങ്കീർണമായ സൂചികളായിരുന്നു അവയിലേറെയും.
പുറമേ ധരിക്കാനുള്ള വസ്ത്രം തുന്നാനുള്ള വലിയ സൂചികള്‍ അതിനും മുന്നേതന്നെ ഉപയോഗിച്ചിരുന്നതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം സൂചികള്‍ ഉപയോഗിച്ച് അക്കാലത്തെ സൈബീരിയൻ ജനത അടിവസ്ത്രങ്ങള്‍ തുന്നിയിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം. സൈബീരിയയിലെ കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാൻ ശരീരത്തോട് ഒട്ടിച്ചേർന്നുകിടക്കുന്ന ഒരു വസ്ത്രം എന്ന നിലയിലാവാം അവർ അടിവസ്ത്രങ്ങള്‍ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തതെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞർ പറയുന്നത്.
ചില പ്രത്യേക സീസണുകളില്‍ പുറമേ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ടുമാത്രം കൂടിയ തണുപ്പകറ്റാൻ പറ്റില്ലെന്നും ശരീരത്തോട് കൂടുതല്‍ ചേർന്ന് കിടക്കുന്ന വസ്ത്രം അതിന് ആവശ്യമാണെന്നും അവർ മനസിലാക്കി. ശരീരത്തോട് ചേർന്ന് കിടക്കണമെങ്കില്‍ പ്രത്യേക രീതിയില്‍ അവ തയ്യാറാക്കിയാലേ പറ്റൂ എന്നും വ്യക്തമായതോടെയാണ് അതിനുവേണ്ട പ്രത്യേക സൂചികള്‍ നിർമ്മിച്ചതും അവ ഉപയോഗിച്ച് അത്തരം വസ്ത്രങ്ങള്‍ തയ്യാറാക്കിയതെന്നുമാണ് അനുമാനിക്കുന്നത്. മരത്തിന്റെയും മൃഗങ്ങളുടെയുമൊക്കെ തോലാണ് അക്കാലത്ത് വസ്ത്രങ്ങള്‍ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പ്രത്യേകം ഓർക്കണം.






