പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. പ്രമുഖ ദിന പത്രത്തിൽ വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും അടിയന്തരമായി ബോർഡ് നീക്കം ചെയ്യുമെന്ന് മുനിസിപ്പൽ ചെയർമാൻ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്ക് മുന്നേ തന്നെ ഈ അനധികൃത കയ്യേറ്റം നഗരസഭയുടെ ശ്രദ്ധയിൽ പെട്ടതായിരുന്നു എന്നും ഇതിനെതിരെ മുനിസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് നൽകിയ റിപ്പോർട്ട് ഭരണസമിതി പൂഴ്ത്തി വെച്ചതാണെന്നും ഉള്ള വിശദാംശങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.
പൊതുപ്രവർത്തകനായ ജോയ് കളരിക്കൽ ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അച്ചായൻസ് ഷോറൂമിന് മുന്നിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചിരുന്നു. ധർണ്ണ സംഘടിപ്പിച്ച ജോയി കളരിക്കലിനെ പരിഹസിച്ചുകൊണ്ട് അച്ചായൻസ് ഗോൾഡ് നഗരത്തിൽ ഉടനീളം ബോർഡുകൾ സ്ഥാപിച്ചത് വിവാദങ്ങൾക്ക് ആക്കംകൂട്ടി. തുടർന്ന് മുനിസിപ്പൽ ചെയർമാൻ സംഭവസ്ഥലം സന്ദർശിക്കുകയും അച്ചായൻസ് ഗോൾഡ് അധികൃതർ ബോർഡ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ബോർഡ് നീക്കം ചെയ്യാൻ മുൻകൈയെടുത്ത ചെയർമാന് പൗരസമിതി സ്വീകരണവും നൽകി.
എന്നാൽ ഇപ്പോൾ പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന് മുന്നിൽ ഈ ബോർഡ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോടതിവിധിയുടെ പിൻബലത്തോടെയാണ് ബോർഡ് പുനസ്ഥാപിച്ചത്. നിരവധി അനധികൃത കയ്യേറ്റങ്ങൾ ഉള്ള പാലാ നഗരസഭയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തങ്ങളെ മാത്രം വേട്ടയാടുകയാണ് എന്ന ആക്ഷേപം അച്ചായൻസ് അധികൃതർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. തുടർന്ന് ബോർഡ് നീക്കം ചെയ്ത ഇവർ അനുകൂല നടപടിക്കായി കോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് ലഭിച്ച അനുകൂല വിധിയുടെ പിൻബലത്തിൽ ബോർഡ് പുനസ്ഥാപിക്കുകയും ആയിരുന്നു. ബോർഡ് നീക്കം ചെയ്തതിന്റെ പേരിൽ സ്വീകരണം ഏറ്റുവാങ്ങിയ നഗര പിതാവ് ഷാജു തുരുത്തന് എന്തായാലും സംഭവം വലിയ തിരിച്ചടിയാണ്.


















