മതസ്പർധ വളർത്തുന്ന രീതിയില്‍ അപകീർത്തികരമായ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.എം.എം.എല്‍ മിനറല്‍ സപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനില്‍ മുഹമ്മദിനെ ടൂറിസം മന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ ക്ലീൻ ചിറ്റ് നല്‍കി സർവിസില്‍ തിരിച്ചെടുത്തു.യു.ഡി.എഫ് സർക്കാർ അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളിലാണ് നടപടി.

വകുപ്പുതല അന്വേഷണത്തില്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയതിനെ തുടർന്ന് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി പിരിച്ചുവിടാനായിരുന്നു വ്യവസായ വകുപ്പ് ശുപാർശ ചെയ്തത്.2024 നവംബർ 20നാണ് കൊല്ലം ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കുന്നത്. കാത്തലിക് സഭയെയും ബിഷപ്പിനെയും മറ്റും അപകീർത്തികരമായി ചിത്രീകരിക്കുകയും വർഗീയലഹള ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി. പരാതി പരിശോധിച്ച മുഖ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥനായ അനില്‍ മുഹമ്മദ് ഗുരുതരമായ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് വിലിയിരുത്തി. തുടർന്നാണ് വ്യവസായവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവുമായ പെരുമാറ്റങ്ങള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങള്‍ അനില്‍ മുഹമ്മദ് ലംഘിച്ചുവെന്ന് അന്വേഷണം നടത്തിയ വ്യവസായ വകുപ്പ് ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി കണ്ടെത്തി.

സമൂഹമാധ്യമങ്ങളില്‍ വിഡിയോ ചെയ്യുന്നതിന് കമ്പനിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും ഉള്ളടക്കം പരിശോധിച്ചു മാത്രമേ അനുമതി നല്‍കാൻ പാടുള്ളൂ എന്നുമിരിക്കെ ഇതിന്റെ ലംഘനമാണ് അനില്‍ മുഹമ്മദ് നടത്തിയതെന്നും കമ്പനിയുടെ സി.ഡി.എ റൂള്‍സിലെ ലംഘനം നടത്തിയ സാഹചര്യത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്തു.

അനില്‍ മുഹമ്മദ് വിഡിയോ ചെയ്യുന്നത് കമ്പനി ക്യാബിനിലിരുന്നാണെന്ന് ദൃശ്യം പരിശോധിച്ച്‌ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. കമ്പനിയുടെ ലാപ്ടോപ്പ് ഐ.ടി വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കാൻ എം.ഡിക്ക് നിർദേശവും നല്‍കി. ഇതേത്തുടർന്ന് എം.ഡി വ്യവസായ വകുപ്പിനു റിപ്പോർട്ടും നല്‍കിയിരുന്നു. അനില്‍ ജോലിസമയത്ത് ഓഫിസില്‍ ഇല്ലാതിരിക്കുകയും ജോലി സമയത്ത് യൂനിഫോം ധരിക്കണമെന്ന കർശന നിർദേശം പാലിക്കാതിരിക്കുകയും ചെയ്തു. അനില്‍ മുഹമ്മദിന്റെ അനുമതിയില്ലാതെയുള്ള വിദേശ യാത്രകളിലും ദുരൂഹതയുണ്ടെന്നും വ്യവസായ വകുപ്പ് സ്പെഷല്‍ സെക്രട്ടറി കണ്ടെത്തിയിരുന്നു.

കെ.എം.എം.എല്‍ ജീവനക്കാർ വിദേശയാത്ര നടത്തുന്നതിന് അനുമതി വാങ്ങണമെന്നും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തില്‍ നിഷ്കർഷിച്ച ശിക്ഷ നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തു. തുടർന്നാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി 2025 മാർച്ച്‌ 26ന് ഔദ്യോഗിക തെളിവുകള്‍ നശിപ്പിക്കാതിരിക്കാൻ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ഡി പ്രദീപ് കുമാർ അനില്‍ മുഹമ്മദിനെ സസ്പെൻഡ് ചെയ്ത് പിരിച്ചുവിടുന്നതിനു മുമ്പായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.

വിചിത്രവാദവുമായി സർക്കാർ

അനിലിനെ കഴിഞ്ഞ എല്‍.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സസ്പെൻഡ് ചെയ്തതെന്നും അവർ തന്നെയാണ് തിരിച്ചെടുത്തതെന്നുമുള്ള വിചിത്രവാദവുമായി സർക്കാർ. എന്നാല്‍, ടൂറിസം മന്ത്രിയുടെ ഇടപെടലിലൂടെയാണ് തിരിച്ചെടുക്കാനുള്ള ഫയല്‍ നീക്കം വേഗത്തിലാക്കിയത്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അനില്‍ മുഹമ്മദിനെതിരേയുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് എം.ഡിക്ക് എത്തിച്ചു. എന്നാല്‍ എല്‍.ഡി.എഫ് സർക്കാർ നിയോഗിച്ചിരുന്ന എം.ഡി പ്രദീപ് കുമാർ അതില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചു.

പിന്നാലെ മന്ത്രി പി.സി വിഷ്ണനാഥ് നേരിട്ടു വിളിച്ച്‌ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച്‌ അനില്‍ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും എം.ഡി തീരുമാനമെടുക്കാത്തതിനെ തുടർന്ന് മന്ത്രി വ്യവസായവകുപ്പിലെ ഉന്നതനെ കൊണ്ട് എം.ഡിയെ ഭീഷണിപ്പെടുത്തിയാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന ആരോപണവുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക