ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് നിമിഷനേരംകൊണ്ട് നഷ്ടമായത് 7000 ഫോളോവേഴ്സിനെ. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന് മുൻപ് ഫേസ്ബുക്കില്‍ 318 K ഫോളോവേഴ്സാണ് സന്ദീപ് വാര്യർക്കുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെത്തി നിമിഷങ്ങള്‍ക്കകം ഇത് 311K ആയി കുറഞ്ഞു. ബിജെപി പ്രവർത്തകർ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സന്ദീപിന് തിരിച്ചടിയായത്. ഫോളോവർമാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.

കോണ്‍ഗ്രസിലെത്തി മണിക്കൂറുകള്‍ക്കകം സന്ദീപ് വാര്യർ ഫേസ്ബുക്കിലെ ബയോ തിരുത്തി. കോണ്‍ഗ്രസ് ക്യാംപിലെത്തി അംഗത്വമെടുത്തശേഷവും ഫേസ്ബുക്ക് പേജിലെ ബയോയില്‍ ‘ബിജെപി സംസ്ഥാന കമ്മിറ്റി അംഗം’ എന്ന് തുടർന്നതിനെ ബിജെപി പ്രവർത്തകർ വിമർശിച്ചിരുന്നു. തുടർന്നാണ് ഇതുമാറ്റി ‘കോണ്‍ഗ്രസ് പ്രവർത്തകൻ’ എന്ന് തിരുത്തിയത്. ഇപ്പോൾ സന്ദീപിന്റെ മുൻകാല പോസ്റ്റുകള്‍ തപ്പിയെടുത്ത് ട്രോള്‍ രൂപത്തില്‍ പ്രചരിപ്പിക്കുകയാണ് ഇടത്, ബിജെപി പ്രവർത്തകർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോള്‍ സന്ദീപ് കുറിച്ച വരികളാണ് അതിലൊന്ന്. ‘കീരിക്കാടൻ ജോസാണെന്ന് കരുതി കെപിസിസി പ്രസിഡന്റാക്കിയത് കീലേരി അച്ചുവിനെ’ എന്ന അന്നത്തെ കുറിപ്പാണ് സുധാകരനൊപ്പമുള്ള സന്ദീപിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്. കെപിസിസി യോഗത്തില്‍ കണ്ടുമുട്ടിയ സന്ദീപ് വാര്യരുടെയും ജ്യോതികുമാർ ചാമക്കാലയുടെയും മീമുകളും വൈറലാണ്. ഇരുവരും തമ്മിലുണ്ടായ ചാനല്‍ ചർച്ചയിലെ വാടാ പോടാ വിളിയെ സൂചിപ്പിച്ചുള്ളതാണ് ഈ മീമുകള്‍.

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസില്‍ ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക