തിരുവനന്തപുരം നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നാല് തൊഴിലാളികള്‍ കവാടത്തിന് മുകളില്‍ കയറിയും മറ്റുളളവർ താഴെയുമായാണ് പ്രതിഷേധിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ‍ര്‍പേഴ്സണ്‍ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.

കയറും പെട്രോള്‍ നിറച്ച കുപ്പിയുമായാണ് തൊഴിലാളികളുടെ പ്രതിഷേധം. താഴെയിറങ്ങില്ല, സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികള്‍ കോര്‍പ്പറേഷന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുകയാണ്. സ്വന്തം നിലയില്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച്‌ ഉപജീവനം നടത്തുന്നവരാണ് സമരത്തിലുളളത്. 250 തോളം പേരാണ് ഇവരുടെ യൂണിയനിലുളളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ കോ‍ർപ്പറേഷൻ അംഗീകാരമില്ലാത്ത, ലൈസൻസില്ലാത്ത ആളുകള്‍ വേസ്റ്റ് ശേഖരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ഇത് അംഗീകരിച്ചില്ല. ജോലിയുമായി മുന്നോട്ട് പോകുമെന്നും അതല്ലെങ്കില്‍ കോര്‍പ്പറേഷൻ തങ്ങളെയും കരാര്‍ തൊഴിലാളികളായി അംഗീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ കോര്‍പ്പറേഷൻ ഇതംഗീകരിക്കാതെ കടുത്ത നടപടികളുമായി മുന്നോട്ട് പോയി. ഇവരുടെ വണ്ടികളടക്കം പിടിച്ചെടുത്തു.

ഇതോടെ തൊഴിലാളികള്‍ സമരത്തിനിറങ്ങി.കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും വാഹനങ്ങള്‍ വിട്ട് നല്‍കാമെന്ന ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഇന്നലെ അസിസ്റ്റന്റ് ലേബ‍ര്‍ ഓഫീസര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി. കോര്‍പ്പറേഷന് വണ്ടി വിട്ട് നല്‍കാനാകില്ലെന്നും കേസെടുത്തതിനാല്‍ കോടതി വഴി തൊഴിലാളികള്‍ വണ്ടി തിരികെ വാങ്ങണമെന്നും ചര്‍ച്ചയില്‍ കോര്‍പ്പറേഷൻ നിലപാടെടുത്തു.

ഈ യോഗത്തില്‍ വെച്ചാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ‍ര്‍പേഴ്സണ്‍ ഗായത്രി ബാബു ജാതീയമായി തങ്ങളെ അധിക്ഷേപിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇവർ ഒരു പ്രത്യേക വിഭാഗമാണെന്നും സമൂഹത്തില്‍ താഴെയുളളവരാണെന്നും കൂടുതല്‍ അനുകമ്ബ കാണിക്കേണ്ടതില്ലെന്നുമായിരുന്നു ഗായത്രിയുടെ പരാമ‍ര്‍ശമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതേ തുട‍ര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ കോര്‍പ്പറേഷൻ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധം തൊഴിലാളികള്‍ കടുപ്പിച്ചത്.

പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്ന യുവ വനിതാ നേതാക്കൾ

അടുത്തകാലത്തായി യുവ വനിതാ നേതാക്കൾ സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ചേർന്ന് കെഎസ്ആർടിസി ബസ് വഴിയിൽ വിലങ്ങിയിട്ട് കോലാഹലം സൃഷ്ടിച്ചപ്പോൾ ഒരു ഡ്രൈവറുടെ അന്നം മുടങ്ങി കിട്ടി. പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ പി പി ദിവ്യ പൊതുവേദിയിൽ ഉന്നത ഉദ്യോഗസ്ഥനായ എഡിഎം നവീൻ ബാബുവിനെ അവഹേളിച്ച് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ജാതീയമായി അവഹേളിച്ചു എന്ന് ആരോപണവുമായി ഇടതുപക്ഷ ആഭിമുഖ്യമുള്ള തൊഴിലാളികൾ സമരമുഖത്ത് ഉള്ളത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക