മുനമ്ബം വിഷയത്തില്‍ സർക്കാർ മുൻകൈ എടുക്കണമെന്ന് ഡോ എം കെ മുനീർ. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമാണ് ഇപ്പോള്‍ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിഷയത്തില്‍ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകള്‍ മുഴുവൻ. സർക്കാർ ഇടപെട്ട് മുനമ്ബം വിഷയം രൂക്ഷമായ ഒരു സാമുദായിക പ്രശ്നമായി മാറാതെ നോക്കേണ്ടതുണ്ട്, അക്കാര്യത്തില്‍ സർക്കാർ ഒരു തീരുമാനം എടുക്കണമെന്ന് എം കെ മുനീർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഖഫ് ബോർഡ് സർക്കാരിന്റെ കീഴില്‍ വരുന്ന ഒരു സ്ഥാപനമാണ്.കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് ഒരു സംഘടനയും ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. മുനമ്ബം വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ഇടത് സർക്കാർ എന്തുകൊണ്ടാണ് പരിഹാരം കണ്ടെത്താൻ വൈകുന്നതെന്ന് മനസിലാവുന്നില്ല.എത്രയും വേഗം പരിഹാരം ഉണ്ടാകേണ്ട വിഷയമാണിതെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല, എം കെ മുനീർ വ്യക്തമാക്കി.

മുനമ്ബത്ത് താമസിക്കുന്നവരെ വേദനിപ്പിക്കണമെന്ന് മുസ്ലിം സംഘടനകള്‍ ആഗ്രഹിക്കുമോ? അങ്ങിനെയുള്ളൊരു നാടല്ല കേരളം.ക്രൈസ്തവരായാലും മുസ്ലിങ്ങളായാലും സംയമനം പാലിക്കണം, നമ്മള്‍ എല്ലാവരും ഒന്നാണ്, ന്യായമായ ആലോചനകളാണ് വിഷയത്തില്‍ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,മുനമ്ബം ഭൂ പ്രശ്നത്തില്‍ പരിഹാരം ഇല്ലാതെ നീണ്ടുപോകുന്നത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നു.തീരുമാനം നീണ്ടുപോകുന്നതില്‍ വലിയ വില കൊടുക്കേണ്ടി വരും എന്നും പ്രശ്ന പരിഹാരത്തിന് പാണക്കാട് സാദിഖ് അലി തങ്ങള്‍ ബിഷപ്പുമാരെ കാണുമെന്നും പികെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.

മുനമ്ബത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചു.വഖഫ് ഭൂമി അഡ്ജസ്റ്റ്മെന്റുകള്‍ക്ക് ഉള്ളതല്ല എന്ന തലക്കെട്ടില്‍ എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനം എഴുതിയത്. ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നത് എന്ന് ലേഖനത്തില്‍ പറയുന്നു. മുനമ്ബം വിഷയം മുൻ നിർത്തി ഒരു ഭാഗത്ത് വർഗീയ പ്രചാരണം നടക്കുന്നുണ്ടെന്ന് കരുതി വഖഫ് സ്ഥാപനത്തെ ബലി നല്‍കാൻ ആവില്ലന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. എന്നാല്‍ ലേഖനത്തെ കാര്യമാക്കേണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നത്.

എന്നാല്‍ മുനമ്ബം നിവാസികളെ ഒരാളെ പോലും കുടിയിറക്കില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കുന്നത്. മുനമ്ബം ഭൂസംരക്ഷണ സമിതിയുടെ റിലേ നിരാഹാര സമരം മുപ്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രി 22 ന് വിളിച്ച യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് ഭൂസമര സമിതിയുടെ പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക