നാഗ്പൂർ: മുംബൈയിൽ സ്വന്തമായി വീടില്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി താൻ മാത്രമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ യാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ തന്നെ ബിജെപിയുടെ പ്രമുഖ രണ്ടാം നിര നേതാക്കളിൽ പ്രധാനിയാണ് ഫഡ്നാവിസ്. 25 വർഷമായി നിയമസഭാംഗമായിരുന്നിട്ടും തനിക്ക് മുംബൈയിൽ സ്വന്തമായി വീടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2009 മുതൽ എംഎൽഎയായ ഫഡ്‌നാവിസ് സ്വന്തം നാടായ നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നാണ് മത്സരിക്കുന്നത്.
‘ഞാൻ ഒരിക്കലും ബിസിനസുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ മെഡിക്കൽ കോളേജുകളോ തുടങ്ങിയിട്ടില്ല. 25 വർഷമായി ഞാൻ സമൂഹത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുകയും പൊതുപ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.മുംബൈയിൽ സ്വന്തമായി വീടില്ലാത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് ഞാൻ, നാഗ്പൂരിൽ എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ട്, ഞാൻ ഒരു അഭിമാനിയായ നാഗ്പൂർക്കറാണ്,” ഫഡ്‌നാവിസ് പറഞ്ഞു.

















