
ലാത്തൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചരണം വേളയിൽ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനും ബോളിവുഡ് നടനുമായ റിതേഷ് ദേശ്മുഖ്. തൻ്റെ ഇളയ സഹോദരനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധീരജ് വിലാസ്‌റാവു ദേശ്മുഖിന് പിന്തുണയുമായി താരം ലാത്തൂർ റൂറലിൽ പ്രചാരണ റാലി നടത്തി.ലാത്തൂരിൽ തൊഴിലവസരങ്ങളുടെ അഭാവം ബിജെപി സർക്കാരിന്റെ കഴിവ് കേടാണെന്നും റിതേഷ് പറഞ്ഞു.
പ്രചാരണത്തിൽ മതത്തിന് ഊന്നൽ നൽകി ഭാരതീയ ജനതാ പാർട്ടി പ്രവർത്തിക്കുകയാണെന്നും ഇത് ശരിയല്ലെന്നും റിതേഷ് പറഞ്ഞു. “ജോലി ധർമ്മമാണ്.നമ്മുടെ ഓരോ കാര്യങ്ങളും നീതിയോടെ ചെയ്യുക,കർത്തവ്യങ്ങൾ നിർവഹിക്കുന്നത് കർമ്മമാണ്, അത് തന്നെയാണ് ധർമ്മം.സത്യസന്ധമായി ജോലി ചെയ്യുന്നവർ ധർമ്മത്തെ ഉൾക്കൊള്ളുന്നു, എന്നാൽ പ്രവർത്തിക്കാത്തവർ മതത്തെ ഒരു കവചമായി ഉപയോഗിക്കുന്നു”. അദ്ദേഹം പറഞ്ഞു.
മതം അപകടത്തിലാണെന്ന് രാഷ്ട്രീയ പാർട്ടികൾ അവകാശപ്പെടുന്നതെങ്ങനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ‘മതം സംരക്ഷിക്കാനും’ ‘ധർമ്മം സംരക്ഷിക്കാനും’ ആളുകളോട് ആഹ്വാനം ചെയ്യുന്നു. മതത്തിൻ്റെ മറവിൽ തങ്ങളുടെ ആവശ്യങ്ങൾ മറച്ചുവെച്ച് ഈ പാർട്ടികൾ യഥാർത്ഥത്തിൽ സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് സംരക്ഷണം തേടുകയാണെന്ന് റിതേഷ് വാദിച്ചു.ഭിന്നിപ്പിക്കുന്ന തന്ത്രങ്ങളിൽ വീഴരുതെന്ന് വോട്ടർമാരെ അഭിസംബോധന ചെയ്ത് റിതേഷ് അഭ്യർത്ഥിച്ചു.