നാട്ടില്‍ കലാപത്തിന് വഴിവെക്കുന്ന തരത്തില്‍ പോസ്റ്റർ പതിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുനെല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ശശികുമാറിന്റെ പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്.
അച്ഛൻ പോയാല്‍ മകൻ, ഭർത്താവ് പോയാല്‍ ഭാര്യ, ഏട്ടൻ പോയാല്‍ അനിയത്തി എന്ന പേരിലുള്ള പോസ്റ്ററാണ് അപ്പപ്പാറയില്‍ സ്ഥാപിച്ച യു.ഡി.എഫ് പോസ്റ്ററില്‍ പതിച്ചത്.
രാഷ്ട്രീയ പാർട്ടികള്‍ക്കിടയില്‍ സ്പർധ വളർത്തുകയും അതുവഴി കലാപം ലക്ഷ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് പോസ്റ്റർ പതിച്ചതെന്ന് കാണിച്ചാണ് പൊലീസ് കേസെടുത്തത്. പോസ്റ്റർ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്നിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്. ഇതില്‍ രണ്ടെണ്ണം പതിച്ചവരും ഒരെണ്ണം പൊലീസും നീക്കം ചെയ്തു.
അതേസമയം, പോസ്റ്ററിന് പിന്നില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോസ്റ്റർ പതിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സി.പി.എമ്മിന്റെ സമ്മർദം മൂലമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

















