പോളണ്ടില്‍ വിസ വാഗ്ദാനം ചെയ്തു 800ഓളം ഉദ്യോഗാർത്ഥികളിൽ നിന്നായി 20ലധികം കോടി തട്ടിയ കേസിൽ കോട്ടയത്തും നിരവധി ഇരകൾ. കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എങ്കിൽ കോട്ടയത്ത് ഇയാളുടെ ഏജന്റ് ആയി പ്രവർത്തിച്ചത് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ബീന ഷാജിയും, ഇവരുടെ ഡ്രൈവറായ അമീൻ മുഹമ്മദുമാണ്.
കോട്ടയത്ത് ഫയർ സ്റ്റേഷന് സമീപം ആൻസ്റ്റർ സ്റ്റഡി എബ്രോയ്ഡ് എന്ന വിദേശ പഠന കൺസൾട്ടൻസി സ്ഥാപനമാണ് തട്ടിപ്പിന്റെ ഇടത്താവളമായി പ്രവർത്തിച്ചത്. ഈ സ്ഥാപനത്തിന്റെ ഉടമയായ ബീന ഷാജിയാണ് ഉദ്യോഗാർത്ഥികളെ പറഞ്ഞു വിശ്വസിപ്പിച്ച് പണം നൽകാൻ പ്രേരിപ്പിച്ചത്. നിരവധി ഉദ്യോഗാർത്ഥികൾ ആദ്യ ഘടു പണം അടച്ചത് ഇവരുടെ സഹായിയും ഡ്രൈവറുമായ അമീൻ മുഹമ്മദിന്റെ അക്കൗണ്ടിലേക്കാണ്.
ബീന ഷാജിയുടെ ഇരകളായ ഉദ്യോഗാർത്ഥികളിൽ നിന്ന് ആദ്യം ഫ്രാൻസ് വഴി പോളണ്ടിലേക്ക് കടത്താം എന്നു പറഞ്ഞാണ് ഓരോ ലക്ഷം രൂപ വാങ്ങിയത്. ഫ്രാൻസിലേക്ക് വിസിറ്റിംഗ് വിസയിലൂടെ കടത്താമെന്നും ഫ്രാൻസിൽ എത്തിക്കഴിയുമ്പോഴേക്കും പോളണ്ടിൽ പെർമിറ്റും പേപ്പറുകളും ശരിയാകും എന്നുമായിരുന്നു വാഗ്ദാനം. എന്നാൽ ഉദ്യോഗാർത്ഥികളുടെ ഫ്രഞ്ച് വിസയ്ക്കുള്ള അപേക്ഷകൾ തള്ളിപ്പോയതോടെയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റാ വിസ എന്ന സ്ഥാപനത്തിലൂടെ പോളണ്ടിലേക്ക് നേരിട്ട് വിസ തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു കൂടുതൽ പണം തട്ടിയത്. മൂന്നുമാസത്തിനകം വിസ ശരിയാകും എന്നു പറഞ്ഞ് പണം മുടക്കിയ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷം കഴിഞ്ഞിട്ടും വിസ ലഭിച്ചിട്ടില്ല.
പലരും ഓഫീസിൽ നിരന്തരം കയറിയിറങ്ങി എങ്കിലും ധാർഷ്ട്യത്തോടെയാണ് ഇവർ പെരുമാറുന്നത് പണം നൽകാൻ തനിക്ക് ബാധ്യതയില്ല എന്നും മുഹമ്മദ് യാക്കൂബ് തന്നെയും പറ്റിച്ചതാണെന്നും ആണ് ഇവരുടെ വാദം. എന്നാൽ ആദ്യഘട്ടത്തിൽ പൂർണമായും പണം ഇവരുടെ സഹായിയുടെ അക്കൗണ്ടിലേക്ക് തന്നെയാണ് ആളുകൾ നിക്ഷേപിച്ചത്. ഒരു സ്ത്രീ എന്ന നിലയിലുള്ള പരിഗണനകൾ ഇവരെ പലപ്പോഴും രക്ഷപ്പെടുത്തുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ഇന്നല്ലെങ്കിൽ നാളെ പണം കിട്ടും എന്ന് വിശ്വസിച്ചിരുന്ന ഉദ്യോഗാർത്ഥികൾ തട്ടിപ്പിൽ പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

















