പാലായിൽ ഫുട്പാത്ത് കയ്യേറി ബോർഡ് സ്ഥാപിച്ചു എന്ന് ആരോപിച്ച് അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ സമരരംഗത്ത് ഇറങ്ങിയ പൊതുപ്രവർത്തകനായ ജോയ് കളരിക്കലിനെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി. പൗരാവകാശ സമിതിക്ക് വേണ്ടി പ്രസിഡന്റ് ജോയി കളരിക്കൽ തന്നെയാണ് പരാതി നൽകിയിരിക്കുന്നത്. അച്ചായൻസ് ഗോൾഡ് എന്ന സ്വർണ വ്യാപാര സ്ഥാപനത്തിനെതിരെയും, ഓൺലൈൻ മാധ്യമപ്രവർത്തകൻ പാലാ തങ്കച്ചന് എതിരെയുമാണ് പരാതി.
സമരം നടത്തിയതിന്റെ പേരിൽ തന്നെ അവഹേളിക്കുന്ന ബോർഡുകൾ പാലായിൽ ഉടനീളം സ്ഥാപിച്ചു എന്ന് കാട്ടിയാണ് അച്ചായൻസ് ഗോൾഡിനെതിരെ പരാതി നൽകിയിരിക്കുന്നത്. ജോയ് കളരിക്കൽ ചില കയ്യേറ്റങ്ങൾ മാത്രം ചൂണ്ടിക്കാട്ടുമ്പോൾ പാലായിലെ മറ്റ് നിരവധി കയ്യേറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ നഗരത്തിലുടനീളം ഉയർന്നിരുന്നു. ഈ ബോർഡുകൾ സ്ഥാപിച്ചതിന്റെ പിന്നിൽ അച്ചായൻസ് ഗോൾഡാണ് എന്ന സംശയമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
പാലാ തങ്കച്ചന് എതിരെയുള്ള പരാതി മാധ്യമ ധാർമികതയ്ക്ക് നേരെ ഉയരുന്ന ചോദ്യചിഹ്നം
വാട്സാപ്പിലൂടെയും, വെബ്സൈറ്റിലൂടെയും തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചു എന്ന ആരോപണമാണ് പാലാ തങ്കച്ചന് എതിരെ ജോയ് കളരിക്കലും പൗരാവകാശ സമിതിയും ഉന്നയിക്കുന്നത്. പാലാ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള വാർത്ത വെബ്സൈറ്റ് പരിശോധിക്കുമ്പോൾ അച്ചായൻസ് ഗോൾഡ് ഇവരുടെ പ്രധാന പരസ്യ ദാതാവാണ് എന്ന് വ്യക്തമാകും. അതുകൊണ്ടുതന്നെ ജോയ് കളരിക്കലിനെതിരെ പാലാ തങ്കച്ചൻ വ്യാജവാർത്തകൾ സൃഷ്ടിച്ചു പ്രചരിപ്പിച്ചു എന്ന് ആരോപണമുയരുമ്പോൾ ഇത് മാധ്യമ ധാർമികതയ്ക്ക് നേരെ ഉയരുന്ന ചോദ്യചിഹ്നം കൂടിയാണ്.


















