കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ആട്ടും തുപ്പുമേറ്റ് മുരളീധരന്‍ എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കെ മുരളീധരനോട് സഹതാപമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയെ അവഹേളിച്ചവര്‍ക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് ഡീലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ചെങ്കല്‍ ഖനനത്തിലും യുഡിഎഫ് എല്‍ഡിഎഫ് ഡീലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ മാറ്റി പറഞ്ഞത് കൊണ്ട് ഡീല്‍ ഇല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതെന്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
‘ദിവ്യയെ ചോദ്യം ചെയ്യാത്തത് എന്ത് കൊണ്ടെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കണം. പി പി ദിവ്യയെ ഒളിപ്പിച്ചത് ആരാണ്. ഒപ്പം എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല’, സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ താന്‍ നേടിയതിനേക്കാള്‍ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് നേടുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇരു മുന്നണികളും തമ്മില്‍ പാലക്കാട് ഡീലുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും പറഞ്ഞിരുന്നു. ‘ഇടത് മുന്നണിയിലെ വോട്ടും കോണ്‍ഗ്രസിലെ വോട്ടും ചോരും. ഇരു സ്ഥാനാര്‍ഥികളും സര്‍വ സമ്മതരല്ല. പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ട്. സിപിഐഎം-യുഡിഎഫ് വോട്ട് ധാരണ മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത് വ്യക്തമാണ്. ഇത്തവണ ആ ഡീല്‍ ഇവിടെ നടക്കില്ല. ആ ഡീലിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ എതിര്‍ക്കും. നേരത്തെയുണ്ടായിരുന്ന യുഡിഎഫ്-എല്‍ഡിഎഫ് ഡീലിന് സാധ്യതയേ ഇല്ല’, കൃഷ്ണകുമാര്‍ പറഞ്ഞു.

















