ഷാഫി പറമ്ബിലിന്റെ അതിവിശ്വസ്തനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കളം നിറഞ്ഞു കഴിഞ്ഞു. ഇന്നലെ മണ്ഡലത്തില്‍ എത്തിയ രാഹുലിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മറുവശത്ത് സിപിഎം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ട പി സരിന്‍ ആകുമെന്ന കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ട്. ഇതോടെ ഇനി അറിയേണ്ടത് ആരാണ് ബിജെപി സ്ഥാനാര്‍ഥി എന്നതാണ്. കഴിഞ്ഞ രണ്ട് തവണയായി ബിജെപിയാണ് പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ശോഭാ സുരേന്ദ്രന്‍ മത്സരിച്ചപ്പോഴാണ് മണ്ഡലത്തില്‍ ബിജെപി രണ്ടാമത്തെ ശക്തിയായി ഉയര്‍ന്നത്. അവിടെ നിന്നും കഴിഞ്ഞ തവണ മെട്രൊ മാന്‍ ഇ. ശ്രീധരനെ കളത്തിലിറക്കി വിജയത്തിന്റെ വക്കിലെത്തി. എന്നാല്‍, സിപിഎം ഷാഫി പറമ്ബിലിനായി വോട്ടുമറിച്ചതോടെയാണ് ബിജെപി പച്ചതൊടാതെ പോയത്. ഇപ്പോള്‍ വീണ്ടും ബിജെപിയുടെ സുവര്‍ണാവസരം പാലക്കാട് കൈവന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ നിര്‍ണായകമാകുക ബിജെപിയുടെ സ്ഥാനാര്‍ഥി ആരെന്നതുമാകും.
മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ശോഭാ സുരേന്ദ്രന്‍ വരണമെന്ന അഭിപ്രായം ഉള്ളവര്‍ ഏറെയാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും മണ്ഡലത്തിലെ തന്നെ സജീവമായ നേതാവ് സി കൃഷ്ണകുമാറും മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ മുന്നിലാണ്. പാലക്കാട് ജില്ലക്കാരന്‍ കൂടിയായ സന്ദീപ് വാര്യരും അപ്രതീക്ഷിതമായി സ്ഥാനാര്‍തിയായേക്കാം. ഈ സാഹചര്യത്തില്‍ പാലക്കാട്ട് ഏറ്റവും വിജയ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ഥി ആരാണ് എന്നറിയാന്‍ വേണ്ടി മറുനാടന്‍ മലയാളി എന്ന ഓൺലൈൻ മാധ്യമം നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ശോഭാ സുരേന്ദ്രനാണ് വലിയ പിന്തുണ ലഭിച്ചത്.
മറുനാടന്‍ മലയാളി യുട്യൂബ് ചാനലില്‍ നടത്തിയ സര്‍വേയില്‍ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടത് ശോഭാ സുരേന്ദ്രനെന്നാണ് 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. മൃഗീയമായ പിന്തുണ കുറച്ചുകാലമായി ശോഭാ സുരേന്ദ്ര തെരഞ്ഞെടുപ്പുകളില്‍ നടത്തുന്ന പ്രകടനത്തിന്റെ തെളിവാണ്. ആലപ്പുഴയില്‍ ബിജെപിക്ക് വേണ്ടത്ര ശക്തിയില്ലാതിരുന്നിട്ട് കൂടി അവര്‍ വന്‍ തോതില്‍ വോട്ടുപിടിച്ചിരുന്നു. ഇതാണ് ശോഭയുടെ പിന്തുണ വര്‍ധിക്കാന്‍ കാരണം. അതേസമയം മറുനാടന്‍ സര്‍വേയില്‍ 11 ശതമാനം പിന്തുണ സി കൃഷ്ണകുമാറിന് ലഭിച്ചു. സന്ദീപ് വാര്യർക്ക് ഒന്‍പതും കെ സുരേന്ദ്രന് ആറും വീതം ശതമാനം പിന്തുണയാണ് ലഭിച്ച്. സര്‍വേ ആരംഭിച്ചു 11 മണിക്കൂര്‍ കഴിയുമ്ബോള്‍ സര്‍വേയില്‍ പങ്കെടുത്തത് 34,000 പേരാണ്.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. 2011 മുതല്‍ 2021 വരെയുള്ള മൂന്നു ടേമിലും ഷാഫി പറമ്ബില്‍ ഗംഭീര വിജയം നേടി. ഇതില്‍ സ്ഥാനാര്‍ഥി മികവായിരുന്നു പ്രധാനമായിരുന്ന കാര്യം. ഷാഫിക്ക് പകരം രാഹുൽ മാങ്കൂട്ടം എത്തുമ്പോഴും വ്യത്യാസമൊന്നും സംഭവിക്കാൻ ഇടയില്ല. സരിൻ ഇടതു സ്ഥാനാർഥിയായതും കോൺഗ്രസിന് അനുകൂലമാകും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

















