പാലക്കാട് സീറ്റിൽ കോൺഗ്രസ് ടിക്കറ്റ് ലഭിക്കാത്തതിന്റെ മോഹഭംഗത്തെ തുടർന്ന് സിപിഎമ്മുമായി ചേർന്ന് സൃഷ്ടിച്ച തിരക്കഥ മനോഹരമായി അഭിനയിച്ചു തീർത്തിരിക്കുകയാണ് ഡോക്ടർ സരിൻ. കോൺഗ്രസ് നേതൃത്വം വളരെ ആലോചനാപൂർവ്വവും ബുദ്ധിപൂർവ്വവും ഇന്നലത്തെ പത്രസമ്മേളനത്തെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കാൻ കൂട്ടാക്കിയില്ല. സിപിഎമ്മിന്സ്ഥാനാർത്ഥി പ്രഖ്യാപനം അധികം വൈകിക്കാൻ കഴിയാത്തതുകൊണ്ട് സരിൻ ഇന്ന് വീണ്ടും പത്രസമ്മേളനം വിളിച്ചുചേർത്ത് പ്രതിപക്ഷ നേതാവായ വി ഡി സതീശനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതോടുകൂടി കോൺഗ്രസ് സരിനെ പുറത്താക്കുകയും ചെയ്തു.

പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം പത്രസമ്മേളനത്തിനിടെ അറിഞ്ഞ സരിൻ അപ്പോൾ തന്നെ സിപിഎമ്മിനോട് പിന്തുണ ആവശ്യപ്പെടുകയും സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി ചിഹ്നത്തിൽ പോലും പാലക്കാട് മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ സിപിഎമ്മും സരിനും ഒരേപോലെ ആഗ്രഹിച്ച പരിസമാപ്തിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന് പറയേണ്ടിവരും. എന്നാൽ പാലക്കാട് മണ്ഡലത്തിൽ യാതൊരു സ്വാധീനവും ഇല്ലാത്ത, കോൺഗ്രസ് പാർട്ടിയിൽ കേവലം എട്ടുവർഷം മാത്രം പ്രവർത്തന പാരമ്പര്യം ഉള്ള, യുഡിഎഫ് വോട്ടുകളെ ഇളക്കാൻ സാധിക്കാത്ത ഒരു സ്ഥാനാർത്ഥിയെ സിപിഎം സ്വന്തം സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നതിന്റെ രാഷ്ട്രീയ മാനങ്ങൾ ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ടു പൊതു തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയാണ്. സംസ്ഥാനമാകെ പിണറായി തരംഗം അലയടിച്ച് സിപിഎം തുടർഭരണം നേടിയ 2021ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ 10% വോട്ട് ഷെയർ കുറഞ്ഞ് കേവലം 25% മാത്രം വോട്ട് നേടി കമ്മ്യൂണിസ്റ്റ് പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയ മണ്ഡലം കൂടിയാണ് പാലക്കാട്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി കൃത്യമായ വളർച്ച രേഖപ്പെടുത്തുന്ന മണ്ഡലത്തിൽ മണ്ഡലത്തിനും പാർട്ടിക്കും പുറത്തുള്ള ദുർബലനായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നത് വഴി സിപിഎം നടപ്പാക്കുന്ന രാഷ്ട്രീയ നീക്കം എന്താണ് എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

തൃശ്ശൂർ പൂരം കലക്കൽ, ആർഎസ്എസ് നിലപാടിനോട് ചേർന്ന് നിൽക്കുന്ന മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന, എഡിജിപി സംഘപരിവാർ നേതാക്കൾ തമ്മിലുള്ള കൂടിക്കാണൽ എന്നീ വിഷയങ്ങൾ ഇതുമായി ചേർത്തു വായിച്ചാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സിപിഎം ബിജെപി അന്തർധാരയുടെ ഭാഗമാണ് പാലക്കാട് മണ്ഡലത്തിലെ ദുർബലനായ സിപിഎം സ്ഥാനാർത്ഥി എന്ന് വിലയിരുത്തണ്ടി വരും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ദിവസങ്ങൾ മുമ്പാണ് കരിമണൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്തത് എന്നതും ഇവിടെ പ്രസക്തമാകുന്നു. ഏതെങ്കിലും ഡീലിന്റെ ഭാഗമായി ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് സിപിഎമ്മും മുഖ്യമന്ത്രിയും നടത്തുന്നത് എന്ന് ആരോപണം ഉയർന്നാൽ അതിനെ കൃത്യമായി പ്രതിരോധിക്കാൻ പോലുമുള്ള മറുപടികൾ സിപിഎം അണികളുടെ പക്കൽ ഇല്ല എന്നതാണ് പാലക്കാട്ടെ യാഥാർത്ഥ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക