തുടർച്ചയായ രണ്ടാം ദിവസവും കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പരസ്യ പ്രതിഷേധം നടത്തിയ കെപിസിസി ഡിജിറ്റൽ മീഡിയ കോഡിനേറ്റർ എം സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതായാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി.

ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ ബിജെപി ബന്ധം ഉൾപ്പെടെ ആരോപിച്ചാണ് സരിൻ പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ സി.പി.എം വിരുദ്ധത വളർത്തി മൃദു ബിജെപി നിലപാടിലേക്ക് എത്തിക്കുകയാണ് സതീശൻ. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വി.ഡി സതീശൻ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാർഥിയാക്കിയത്. അതുകൊണ്ടാണ് ബി.ജെ.പി ജയിക്കാൻ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാക്കിയത്. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ തന്നെ വിളിച്ച്‌ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചെന്നും സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സരിന്റെ വാക്കുകൾ

“പരസ്പര ബഹുമാനമില്ലാതെ ഉടമയും അടിമയുമായുള്ള ബന്ധമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിധം കോണ്‍ഗ്രസിനെ ഒരു വ്യക്തി ഹൈജാക്ക് ചെയ്യുകയാണ്. ഞാനാണ് പാർട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ 2026ല്‍ പച്ചതൊടാൻ സാധിക്കില്ല. ശരിയാക്കാൻ ഇറങ്ങേണ്ടവർക്ക് അതിന് താത്പര്യമില്ലാത്ത സ്ഥിതിയാണ്.

പ്രതിപക്ഷ സ്ഥാനത്ത് വി.ഡി. സതീശൻ എത്തിയതിലെ പിന്നാമ്ബുറ കഥകള്‍ എല്ലാവരും അറിയണം. അതൊരു അട്ടിമറിയായിരുന്നു. അതില്‍ അസ്വാഭാവികത ഉണ്ട് എന്നറിഞ്ഞിട്ടും ആരും അന്വേഷിച്ച്‌ പോയില്ല. ആ കഥതള്‍ പൊടിതട്ടിയെടുക്കണം. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ ഐക്യം നിലവിലുണ്ടായിരുന്നു. അത് തകർത്തത് സതീശനാണ്. സി.പി.എമ്മുമായി ചേർന്ന് ബി.ജെ.പിയെ എതിർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറല്ല. സി.പി.എമ്മാണ് ബി.ജെ.പിയേക്കാള്‍ വലിയ ശത്രു എന്ന ബോധം അദ്ദേഹം പാർട്ടിയില്‍ അടിച്ചേല്‍പ്പിച്ചു. സി.പി.എം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബി.ജെ.പി. സമീപനത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗതി തിരിച്ചുവിട്ടു.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാർഥിയെ ആണ് തോല്‍പ്പിക്കേണ്ടപ്പെടേണ്ടത് എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ അടിസ്ഥാനം പരിശോധിക്കപ്പെടണം. വടകര സി.പി.എം സ്ഥാനാർഥിയെ തോല്‍പ്പിക്കാൻ ബി.ജെ.പി ഏത് നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയെ മത്സരിപ്പിച്ചത് എന്തിനാണ്. ഏറ്റവും വലിയ ശത്രു സി.പി.എമ്മാണ് എന്ന ബോധം പാർട്ടി പ്രവർത്തകരില്‍ ഉണ്ടാക്കുകയാണ്. പ്രതിപക്ഷ സ്ഥാനത്തിരുന്ന് അദ്ദേഹം നടത്തിയ ഏറ്റവും വലിയ അട്ടിമറിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാകാൻ തന്നെ കാരണമായത്. ഷാഫിയെ വടകരയില്‍ മത്സരിപ്പിക്കുന്നതിന് മുൻപ് ആലോചിച്ചിരുന്നെങ്കില്‍ ഈ സാഹചര്യമുണ്ടാവുമായിരുന്നില്ല. ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പിയാണ് എന്നകാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് ചെയ്തത്.

13 ന് തന്നെ തിരഞ്ഞെടുപ്പ് നടക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് പറഞ്ഞ് കത്തെഴുതിയത്. 13ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് കൂടും എന്നത് യാഥാർഥ്യമാണ്. എന്നാല്‍ പാലക്കാടിന്റെ ജനവിധി ഇതിനെല്ലാം മറുപടി നല്‍കും. ഒരാഴ്ച മുൻപ് രാഹുല്‍ മാങ്കൂട്ടം വിളിച്ച്‌ താക്കീതിന്റെ രീതിയില്‍ സംസാരിച്ചു. വളർന്നുവരുന്ന കുട്ടി വി.ഡി സതീശനാണ് അദ്ദേഹം. ധിക്കാരത്തിന്റെയും ഔചിത്യമില്ലായ്മയുടെയും ആള്‍രൂപമാണ് അദ്ദേഹം. ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ ആരും അറിയാതെ പോയി പ്രാർഥിച്ച്‌ വന്നയാളാണ് ഞാൻ. ക്യാമറയുടെ മുന്നില്‍ അല്ല ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പോകേണ്ടത്. ചാണ്ടി ഉമ്മൻ അതിന് മറുപടി തന്നിട്ടുമുണ്ട്. രാഹുലിന് ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി മംഗളം പറയില്ല. ഷാഫി വടകരയില്‍ സ്ഥാനാർഥിയായ ഉടൻ രാഹുല്‍ പാലക്കാട് വോട്ട് ചോദിച്ചു തുടങ്ങിയെന്നും സരിൻ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക