സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ പി.സരിൻ സിപിഎമ്മിലേക്കെന്ന് സൂചന. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാർഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനും പതിനൊന്ന് മണിക്ക് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിനുംശേഷം സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സരിൻ വിമർശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പി സരിൻ, രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് തുറന്നടിച്ചത്. സ്ഥാനാർഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവർത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാർഥി ചർച്ച പ്രഹസനമായിരുന്നെന്നും പി സരിൻ പറഞ്ഞു.
ഇതിന് പിന്നാലെ സരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നുവെന്നും പ്രത്യാഘാതം എന്തായാലും നേരിടേണ്ടി വരുമെന്നുമാണ് വിഡി സതീശൻ പ്രതികരിച്ചത്.

















