കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന അദ്ദേഹത്തിനുള്ള യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്.
പെട്രോള്‍ പമ്ബ് അനുവദിക്കുന്നതിന് അനുമതി നല്‍കിയില്ലെന്നായിരുന്നു ആരോപണം. ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്.
സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്ബോള്‍ നില്‍ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു.

















