മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാർ. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് സിപിഎം പ്രതികരിച്ചു.
അനിൽകുമാറിന്റെ പ്രതികരണം
”എസ് എഫ് ഐഒയ്ക്ക് എന്താണ് അധികാരമുളളതെന്നും ആരാണ് നിയന്തിക്കുന്നതെന്നും എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയെയും മകളെയും അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും വേണ്ടിയാണ് ഈ നീക്കം. കേന്ദ്ര സർക്കാർ കരുതിക്കൂട്ടി നടത്തുന്നതാണിതെല്ലാം. നിയമം അതിന്റെ വഴിക്ക് പോകും. സിഎംആർഎല്‍ എവിടെയും പരാതിപ്പെട്ടിട്ടില്ല. പിന്നെ എന്താണ് നിർമ്മലാ സീതാരാമന്റെയും മോദിയുടേയും പൊലീസിന്റെയും പ്രശ്നം” ? സിഎംആർഎല്ലിനില്ലാത്ത പരാതി മോദിയുടെ പൊലീസിനുണ്ടെന്ന് പറഞ്ഞാല്‍ വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അനില്‍ കുമാർ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പ്രതികരിച്ചു.
ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലുകളെയും ശുപാർശകളെയും ആധാരമാക്കിയാണ് എസ്എഫ്ഐഐ അന്വേഷണം നടക്കുന്നത്. ആദ്യഘട്ടത്തിൽ ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് ഉണ്ടായിട്ടും എസ്എഫ്ഐഒ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. പിന്നീട് ബിജെപി നേതാവും പിസി ജോർജിന്റെ മകനുമായ അഡ്വക്കേറ്റ് ഷോൺ ജോർജ് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പരിണിത ഫലമായി എസ്എഫ്ഐ അന്വേഷണം ആരംഭിക്കുകയും ആണ് ഉണ്ടായത്. കോർപ്പറേറ്റ് മേഖലയിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കാനുള്ള ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് എസ്എഫ്ഐഒ.
എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യ ബോധം പോലുമില്ല എന്ന നിലയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണ അധികാര പരിധിയെ ചോദ്യം ചെയ്യുകയും ചാനൽ ചർച്ചയിൽ ഗ്വാ.. ഗ്വാ വിളിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎം വക്താക്കൾ കൈക്കൊള്ളുന്നത്. പതിവുപോലെ നരേന്ദ്രമോദി, നിർമ്മലാ സീതാരാമൻ, വേട്ടയാടൽ, നീതി നിഷേധം എന്നീ ക്ലീഷേ പദപ്രയോഗങ്ങൾ നടത്തി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ചർച്ചകളെ വഴിതിരിച്ചു വിടാനുള്ള അനിൽകുമാറിന്റെ ശ്രമം അത്രമാത്രം പരിഹാസ്യമാണ്. മുഖ്യമന്ത്രിയുടെ മകൾ നടത്തിയ അഴിമതിക്ക് കുട പിടിക്കാൻ സിപിഎം എല്ലാ പരിധിയും വിട്ട് തരംതാഴുകയാണ് എന്നീ ചർച്ചകളിലെ പ്രതികരണങ്ങൾ കണ്ടാൽ വ്യക്തമാകും.

















