
സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയാണ് പല മനുഷ്യരും ജീവിക്കുന്നത് എന്ന് തോന്നുന്ന നിലയിലാണ് ഇന്ന് ലോകത്തിന്റെ പോക്ക്. ജാതി,മത,പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പടർന്നു പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങൾ പോലും ഇന്ന് വ്യക്തികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും ആധ്യാത്മിക പദവികൾ അലങ്കരിക്കുന്നവർ പോലും സോഷ്യൽ മീഡിയയുടെ ഈ മാസ്മരിക വലയത്തിൽ പെട്ടുപോകാറും വഴിതെറ്റി പോകാറുമുണ്ട്.
ഇത്തരത്തിൽ ഒരു യാക്കോബായ വൈദികന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. കോതമംഗലം മൗണ്ട് സീനായി കത്തോലിക്കേറ്റ് അരമനയുടെ മാനേജർ കൂടിയായ ഫാദർ എൽദോസ് നമ്മനാളിലാണ് ഇപ്പോൾ വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുന്ന വൈദികൻ. അച്ഛൻ ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ( I Phone 16) ഷോപ്പിലെത്തി വാങ്ങുന്ന സന്ദർഭങ്ങൾ സിനിമാറ്റിക് മ്യൂസിക്കോടുകൂടി റീൽ മോഡലിൽ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം.
കത്തോലിക്ക ബാവ മാസങ്ങളായി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ അരമന മാനേജരായ വൈദികൻ ഐഫോൺ 16 വാങ്ങാൻ പോകുന്ന ദൃശ്യങ്ങൾ സിനിമാറ്റിക് മ്യൂസിക്ക് ചേർത്ത് പ്രചരിപ്പിച്ചു: യാക്കോബായ സഭയിലെ പ്രമുഖനെതിരെ വിശ്വാസികൾക്കിടയിൽ രൂക്ഷ വിമർശനം; ഫാ. എൽദോസ് നമ്മനാളിൽ വിവാദ പുരുഷൻ ആകുന്നതിങ്ങനെ pic.twitter.com/HkYHEsr1Fh
— Thomas R V Jose (@thomasrvjose) October 7, 2024
വൈദികർ സാധാരണയായി ദാരിദ്ര്യ വ്രതം ഉള്ളവരാണെങ്കിൽ കൂടിയും ഔദ്യോഗികമായ ഉത്തരവാദിത്വങ്ങളുടെ ഭാഗമായി പലപ്പോഴും ഇത്തരം വിലകൂടിയ ഗാഡ്ജറ്റുകൾ ഉപയോഗിക്കേണ്ടി വരാറുണ്ട്. സാങ്കേതികവിദ്യ സീമകൾ ഇല്ലാതെ വളരുന്ന കാലത്ത് അതൊരു തെറ്റുമല്ല. പക്ഷേ ഇത്തരം ഒരു മൊബൈൽ ഫോൺ വാങ്ങാൻ പോകുന്ന രംഗങ്ങൾ ചിത്രീകരിച്ച് അത് എഡിറ്റ് ചെയ്ത് സിനിമാറ്റിക് മോഡലിൽ മഹത്വവൽക്കരിച്ച് പ്രചരിപ്പിക്കുമ്പോൾ അതിൽ അല്പം അഭംഗിയുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. വൈദികനോടൊപ്പം വീഡിയോയിൽ ളോഹ ഒഴിവാക്കി സാധാരണ വസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന മറ്റു രണ്ടു പേരും വൈദികർ തന്നെയാണ്.
യാക്കോബായ സഭയുടെ മേലധ്യക്ഷനായ കാത്തോലിക്കാ ബാവ മാസങ്ങളായി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഇങ്ങനെ ദുഃഖകരമായ ഒരു സാഹചര്യത്തിലൂടെ സഭ കടന്നു പോകുന്ന വേളയിൽ ബാബായുടെ ആസ്ഥാനം കൂടിയായ കത്തോലിക്കേറ്റ് അരമനയിലെ മാനേജരായ വൈദികൻ ഇത്തരം ഭൗതികമായ ഒരു പ്രകടന പരതയും ആഡംബര ഭ്രമവും പ്രകടിപ്പിച്ചതും കൂടുതൽ വിമർശനങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തി ആഡംബരപൂർവ്വമായ ഒരു മൊബൈൽ ഫോൺ വാങ്ങിയതിനുള്ള അസഹിഷ്ണുതയോ അദ്ദേഹത്തിൻറെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമോ അല്ല ഈ വാർത്ത മറിച്ച്, സമൂഹത്തിൽ ഉന്നത ബഹുമാനം അനുഭവിക്കേണ്ട ഒരു വൈദികൻ അദ്ദേഹത്തിൻറെ ഒരു പ്രവർത്തി മൂലം സഭാ വിശ്വാസികൾക്കിടയിൽ തന്നെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയനാകുന്നു എന്നതിൻറെ പശ്ചാത്തലം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശശുദ്ധിയോടു കൂടിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.