വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. റായ്ബറേലിയില്‍ വിജയിച്ചതിനെ തുടർന്ന് രാഹുല്‍ ഗാന്ധി രാജിവച്ച സാഹചര്യത്തിലാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. നിയമപ്രകാരം ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ആ കാലാവധി ഈ നവംബറില്‍ അവസാനിക്കും. ഇതോടെ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്ടോബറില്‍ വയനാട് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ കന്നി മത്സരം കൂടിയാണ് വയനാട്ടിലേത്. നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തി പാർട്ടിയുടെ 5 എംപിമാർക്കും 2 എംഎല്‍എമാർക്കുമാണ് ചുമതലകള്‍ വീതിച്ചു നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് വേണ്ടിയാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്.
എം.കെ. രാഘവന്‍ (തിരുവമ്ബാടി), രാജ്മോഹൻ ഉണ്ണിത്താൻ (കല്‍പറ്റ), ആന്റോ ആന്റണി (നിലമ്ബൂർ), ഡീൻ കുര്യാക്കോസ് (സുല്‍ത്താൻ ബത്തേരി), ഹൈബി ഈഡന്‍ (വണ്ടൂര്‍) എന്നിവരാണ് ചുമതല ലഭിച്ച എംപിമാർ. സണ്ണി ജോസഫ് (മാനന്തവാടി), സി.ആര്‍. മഹേഷ് (ഏറനാട്) എന്നിവരാണ് ചുമതല ലഭിച്ച എംഎല്‍എമാർ. ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ സീറ്റ് രാഹുല്‍ ഗാന്ധി നിലനിർത്തുമെന്നും ആ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വയനാട് സീറ്റിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

















