പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു.

സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവില്‍ കഴിയാൻ സഹായിച്ചെന്ന വിവരത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖിന് സിംകാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പറഞ്ഞു. ഇതേക്കുറിച്ച്‌ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് പുലർച്ചെ 4.15നും 5.15നും ഇടയില്‍ നാഹിയുടെയും പോളിന്റെയും വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും തിരക്കി വന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ കസ്റ്റഡിക്കെതിരെ ബന്ധുക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരുന്നു. യുവാക്കളെ കുറിച്ച്‌ വിവരമൊന്നും ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച്‌ സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിട്ടും ഉന്നതരുടെ തണലില്‍ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച്‌ ഒളിച്ചിരിക്കുകയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ കോടതിയെ അറിയിക്കാനാണ് തീരുമാനം. ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവ് കോടതിയെ അറിയിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസും മറ്റ് സംസ്ഥാനങ്ങളിലെ പത്രങ്ങളില്‍ പരസ്യം നല്‍കിയത് ഉള്‍പ്പടെ വിവരങ്ങള്‍ ധരിപ്പിക്കും. എസ്.പി മെറിൻ ജോസഫും സംഘവുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക