ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസില്‍ കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നല്‍കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്കുള്ള ബന്ധത്തെക്കുറിച്ചും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതിലും എസ്.ഐ.ടി വിശദമായ പരിശോധന ആരംഭിച്ചു.
ശബരിമലയിലെ സ്പോണ്‍സർ എന്ന നിലയില്‍ മാത്രമാണ് പോറ്റിയെ അറിയുന്നതെന്നും ഒരു തവണ മാത്രമാണ് കണ്ടതെന്നുമാണ് ഡിസംബർ 28-ന് നടന്ന ചോദ്യം ചെയ്യലില്‍ കടകംപള്ളി മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴിയില്‍ വലിയ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. മന്ത്രി എന്ന നിലയ്ക്കപ്പുറം കടകംപള്ളി പോറ്റിയുടെ വീട് സന്ദർശിച്ചിട്ടുണ്ടെന്നും ഒരു തവണ പോലീസ് അകമ്പടിയോടെയാണ് എത്തിയതെന്നും സാക്ഷിമൊഴികളുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്.
കൂടാതെ, കടകംപള്ളിക്ക് താൻ ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പോറ്റിയും മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ ഏറ്റവും നിർണ്ണായകമായ കണ്ടെത്തല്‍, ശ്രീകോവില്‍ കട്ടിളയിലെ സ്വർണ്ണത്തിന്റെ അളവ് കുറച്ച് കാണിക്കാനും, സ്വർണ്ണത്തിന് പകരം അത് വെറും ‘ചെമ്പ് പാളികള്‍’ എന്ന് സ്റ്റോക്ക് രജിസ്റ്ററില്‍ മാറ്റം വരുത്താനും എൻ. വാസു നേരിട്ട് നിർദ്ദേശം നല്‍കി എന്നതാണ്. ഈ രേഖകളിലെ കൃത്രിമം കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണോ നടന്നതെന്നാണ് എസ്.ഐ.ടി പ്രധാനമായും അന്വേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ 2019-ല്‍ ഇരുവരും തമ്മില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും സ്വർണ്ണക്കൊള്ള കേസില്‍ കടുത്ത വിമർശനമാണ് ഉയർത്തിയത്. “ആരാധിക്കുന്ന ദൈവത്തെ പോലും നിങ്ങള്‍ കൊള്ളയടിച്ചില്ലേ?” എന്ന് മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ചോദിച്ചു. സ്വർണ്ണം പൂശിയ പാളികള്‍ വീണ്ടും എന്തിനാണ് സ്വർണ്ണം പൂശിയതെന്നും കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ ഗൗരവം പരിഗണിച്ച് എൻ. വാസുവിന് ജാമ്യം നല്‍കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ശബരിമലയില്‍ കഴിഞ്ഞ ദിവസം എസ്.ഐ.ടി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്നലെ കൊല്ലം വിജിലൻസ് കോടതിയില്‍ സമർപ്പിച്ചു.
ഇതേസമയം, പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിട്ടുണ്ട്. പത്മകുമാർ, മുരാരി ബാബു എന്നിവരടക്കമുള്ള കൂടുതല്‍ പ്രതികളുടെ സ്വത്തുക്കളും മരവിപ്പിക്കാനാണ് നീക്കം. സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ച ലാഭവിഹിതം ബിനാമി അക്കൗണ്ടുകള്‍ വഴി ഉന്നത ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയക്കാരിലേക്കും എത്തിയതായി ഇഡി സംശയിക്കുന്നു.
കേസിലെ സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി കണക്കിലെടുത്ത്, കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം നടത്തുന്നതായാണ് സൂചന. ശബരിമലയിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാർഡ് ഡിസ്കുകളില്‍ മാറ്റം വരുത്തിയോ എന്ന് പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. പ്രധാനപ്പെട്ട പല ദൃശ്യങ്ങളും മായ്ക്കപ്പെട്ടതായി സൂചനയുണ്ട്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

















