ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നിലമ്പൂർ ചന്തപടിയിലേക്ക് പി വി അൻവർ എത്തിയത് ആയിരക്കണക്കിന് അണികളുടെ ആഹ്ലാദരവങ്ങൾക്കിടയിലാണ്. പിണറായി വിജയന്റെ ആർഎസ്എസ് ബാന്ധവവും, അഴിമതിയും, സിപിഎമ്മിനെ ഗ്രസിച്ചിരിക്കുന്ന ജീർണ്ണതകളും തുറന്നുപറഞ്ഞ് അൻവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ ഭൂതകാലത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന കളങ്കങ്ങൾ എല്ലാം താനെ വിസ്മൃതിയിൽ ആഴുകയാണ്. കടന്നൽ രാജാ എന്ന സൈബർ കിരീടം അഴിച്ചുവെച്ച് അൻവർ നടന്നു കയറുന്നത് അഴിമതി വിരുദ്ധ പോരാളി എന്ന വീര പരിവേഷത്തിലേക്കാണ്.
വാർത്താസമ്മേളനങ്ങൾക്കും എക്സ്ക്ലൂസീവ് വെളിപ്പെടുത്തലുകൾക്കും അപ്പുറം ദൃശ്യമാധ്യമങ്ങളിലൂടെ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ ശ്രദ്ധ മുഴുവൻ പി വി അൻവർ വിളിച്ചുചേർത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയപ്പോൾ അവിടെ സന്നിഹിതരായ ആയിരക്കണക്കിനാളുകൾ കേരളത്തിന്റെ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം ഇത് ഒരാഴ്ചയ്ക്ക് അപ്പുറം ആയുസ്സ് ഇല്ലാത്ത ഒരു രാഷ്ട്രീയ ഗിമിക്കല്ല എന്നത് തന്നെയാണ്. കൃത്യമായി കരുക്കൾ നീക്കിയാൽ കേരള രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്പേസ് വെട്ടിപ്പിടിക്കാൻ അൻവറിന് സാധിക്കും എന്നതിൻറെ സൂചനകൾ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത.
മലബാർ മണ്ണിലെ മുസ്ലിം രാഷ്ട്രീയത്തിന് പുതിയ ഉടയോൻ
കേരള രാഷ്ട്രീയത്തിൽ ക്രൗഡ് പുള്ളർമാർ അധികമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിന് ഒരു അപവാദമായി പി വി അൻവർ മാറുകയാണ്. മലബാറിന്റെ മണ്ണിൽ വലിയൊരു ക്രൗഡ് പുള്ളർ ആകാനുള്ള സാധ്യതകൾ അൻവറിന് മുമ്പിൽ തുറന്നിരിക്കുന്നു. ചന്തപ്പടി സമ്മേളനത്തിലെ ആൾക്കൂട്ടം ഇതിന്റെ കൃത്യമായ സൂചനയാണ്. മുസ്ലിംലീഗിന് സമാഹരിക്കാൻ കഴിയാത്ത ഒരു മുസ്ലിം വോട്ട് ബാങ്ക് കേരളത്തിലുണ്ട്. പലപ്പോഴും തീവ്ര നിലപാടുകാരായ, അന്യ മതസ്ഥരുടെ വിശ്വാസങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന, രാഷ്ട്രീയത്തിന് അതീതമായി സ്വന്തം മതവിശ്വാസങ്ങൾക്ക് മേൽക്കോയ്മയുള്ള, പോപ്പുലർ ഫ്രണ്ട് എന്ന വൻമരത്തിന്റെ തണലിൽ ഉദയം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളായ എസ്ഡിപിഐ വെൽഫെയർ പാർട്ടി പോലുള്ള വോട്ട് ബാങ്കുകൾ ലീഗിന് അപ്രാപ്യമാണ്.
എന്നാൽ ബിജെപിയുടെ കേന്ദ്രഭരണത്തിന് കീഴിൽ പി എഫ് ഐ എന്ന വൻമരം വീണതോടെ തീവ്ര മതവികാരം നിലനിർത്തിയുള്ള ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വിളർച്ച തട്ടിയിട്ടുണ്ട്. അവരുടെ തീവ്ര നിലപാടുകൾക്ക് സ്വീകാര്യത കുറഞ്ഞിട്ടുണ്ട്. അത്തരക്കാരെ മതേതരത്വത്തിന്റെ രാഷ്ട്രീയപാളയത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ, മറ്റൊരുതരത്തിൽ പറഞ്ഞാൽ അത്തരക്കാർക്ക് മതേതരത്വത്തിന്റെ രാഷ്ട്രീയ പാതയിലേക്ക് തിരിച്ചെത്തുവാൻ പി വി അൻവർ നടത്തുന്ന ഈ നീക്കങ്ങൾ ഒരു സുവർണ്ണാവസരമാണ്.
മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ ഇത്തരമൊരു ആൾക്കൂട്ടം അൻവറെ മലബാർ മണ്ണിലെ ക്രൗഡ് പുള്ളർ ആക്കി മാറ്റും. സിപിഎം ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന ചിന്ത അവിടെയുള്ള മുസ്ലിം സഖാക്കളെയും അൻവറിന്റെ പാളയത്തിൽ എത്തിക്കും. മുഹമ്മദ് റിയാസ് എന്താവണമെന്ന് പിണറായി വിജയൻ സ്വപ്നം കണ്ടുവോ അതായി മാറുകയാണ് ഇന്ന് പി വി അൻവർ. അല്പം കൂടി കൃത്യതയോടെ പറഞ്ഞാൽ ലീഗിനപ്പുറം കേരളത്തിൽ ഒരു മുസ്ലിം വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന നേതാവായി അൻവർ വളരുന്നു.
മലബാറിന് അപ്പുറത്തേക്കും സ്വാധീനം വളർത്താൻ സാധ്യതകൾ
പിവി അൻവർ കേരളമെമ്പാടും സഞ്ചരിച്ച് ജനങ്ങളോട് സംവദിക്കാൻ തുനിഞ്ഞാൽ മലബാർ ബെൽറ്റിനപ്പുറവും മുസ്ലിം ഭൂരിപക്ഷമുള്ള പോക്കറ്റുകളിൽ കൃത്യമായ കടന്നുകയറ്റം അദ്ദേഹത്തിന് നടത്താൻ സാധിക്കും. ഇത് എത്രമാത്രം ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാക്കാൻ അൻവറിന് സാധിക്കും എന്നതാണ് ഇനി അവശേഷിക്കുന്ന ചോദ്യം. അൻവർ എന്ന വ്യക്തിക്കപ്പുറം രാഷ്ട്രീയ തന്ത്രജ്ഞരായ പ്രൊഫഷണൽ സംഘങ്ങളുടെ പിന്തുണ ഇതിന് ഉണ്ടാവേണ്ടിയിരിക്കുന്നു. അൻവറിന് സ്വാധീനിക്കാൻ കഴിയുന്ന വോട്ട് ബാങ്കുകളിലേക്ക് അൻവറിന്റെ ആശയങ്ങളും അൻവർ ഉയർത്തിപ്പിടിക്കുന്ന ആദർശവും അൻവർ മുൻപോട്ട് വയ്ക്കുന്ന പോരാട്ടവും സൂക്ഷ്മതയോടെ സന്നിവേശിപ്പിക്കുകയും, അതുമൂലം സൃഷ്ടിക്കപ്പെടുന്ന ആൾക്കൂട്ടത്തെ അച്ചടക്കത്തോടെ ഒരു സംഘടന എന്ന ചട്ടക്കൂടിനുള്ളിൽ എത്രയും പെട്ടെന്ന് ഉൾപ്പെടുത്തുകയും ചെയ്യാൻ സാധിക്കുന്ന പ്രൊഫഷണൽ സമീപനം തന്നെയാണ് ഇവിടെ നിർണായകമാക്കുക. ഈ ഒരു സംവിധാനത്തെ കൂടി ഉപയോഗിച്ച് പി വി അൻവർ മുന്നോട്ടുപോയാൽ കേരള രാഷ്ട്രീയത്തിൻറെ ഇതുവരെയുള്ള ചട്ടക്കൂടിന് ഇടതു വലതു ഭേദങ്ങൾ ഇല്ലാതെ അൻവർ കോട്ടം തട്ടിക്കും.
ലക്ഷ്യമിടുന്നത് പിണറായിസത്തിന്റെ പതനം
കേരളത്തിൽ ഉണ്ടായിരിക്കുന്ന പോലീസ്, ബ്യൂറോക്രാറ്റിക് മാഫിയ സംഘങ്ങൾ, അവ ജനങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളികൾ, ഇത്തരം നെക്സസുകളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ എന്നെല്ലാം പി വി അൻവർ ചൂണ്ടിക്കാട്ടുമ്പോൾ ഇത്തരം തിന്മകളുടെ മുഴുവൻ ഉത്തരവാദിത്വവും കേരളത്തിൽ ഭരണനിർവഹണം നടത്തുന്ന പിണറായി വിജയന്റെ മേൽ തന്നെയാണ് വന്നു പതിക്കുന്നത്. പിണറായി വിജയൻ ഇത്തരം കൊള്ളരുതായ്മകൾ നടപ്പാക്കുന്നത് മകളുടെ ഭർത്താവായ മുഹമ്മദ് റിയാസിനെ കൂടി ചേർത്തു പിടിച്ചാണെന്നും അൻവർ പറഞ്ഞു വെക്കുന്നു. പിണറായിയുടെ വിശ്വസ്തരായി ഭരണത്തിന്റെ ഇടനാഴികളിലുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും ചേർന്നതാണ് ഈ നെക്സസ് എന്നുകൂടി അൻവർ വ്യക്തമാക്കുമ്പോൾ അത് കൂടെ കിടക്കുന്നവന് രാപ്പനി അറിയാം എന്ന നിഗമനത്തിലേക്ക് കേരള ജനതയെ എത്തിക്കും എന്നതിലും സംശയം വേണ്ട. ഇങ്ങനെ അൻവർ ടാർഗറ്റ് ചെയ്യുന്നത് പിണറായിസത്തിന്റെ അന്ത്യമാണ്.
അൻവറിനെ യുഡിഎഫ് ചേർത്തുനിർത്തുകയും അടുത്ത ഭരണത്തിൽ ഇവർ ഒരുമിച്ച് പങ്കാളികളാകുകയും ചെയ്താൽ ഒരുകാലത്ത് എംവിആർ അടിച്ചമർത്തിയത് പോലെ സിപിഎമ്മിന്റെ കൈ കരുത്തിനെ അടിച്ചമർത്താൻ പ്രാപ്തിയും, മനസ്സും മനക്കരുത്തും ഉള്ള വ്യക്തി കൂടിയാണ് പിവി അൻവർ. ഭരണവിരുദ്ധ വികാരത്തിൻറെ വിങ്ങലുമായി ജീവിക്കുന്ന ഒരു സമൂഹത്തിനിടയിലേക്ക്, തങ്ങളുടെ അന്ധമായ പിന്തുണ നൽകിയിട്ടും പിന്നിലൂടെ വഞ്ചിച്ച് ആർഎസ്എസുമായി കൂടിച്ചേർന്ന് രാഷ്ട്രീയനേട്ടം കൈവരിക്കാൻ ശ്രമിച്ച പിണറായി വിജയനോട് പകപോക്കുവാൻ മുറിവേറ്റ മുസ്ലിം സമുദായത്തിന് അൻവറിനോളം മികച്ച മറ്റൊരു ആയുധം കിട്ടാനില്ല. ഈ ചേരുവകൾ എല്ലാം ചേരുമ്പോൾ അൻവർ കേരള രാഷ്ട്രീയത്തിലെ ഒരു താരമായി മാറാനുള്ള സാധ്യതകൾ ശക്തമാണ്.

















