ബെംഗളൂരുവില്‍ 1 കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേർ പിടിയില്‍. 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം സുഹൃത്തായ 25കാരിയുമാണ് പരിശോധനയില്‍ പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍ ഡൈക്ക് ഓകലിയും സുഹൃത്തായ സഹനയും അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുൻപ് നടന്ന ലഹരി വേട്ടയില്‍ പിടിയിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിഗീര്യം സ്വദേശിയുടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
ഇവരുടെ കയ്യില്‍ നിന്ന് 1.5 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും ഇത് തൂക്കി നല്‍കാനുള്ള ഇലക്‌ട്രോണിക് ഭാര മെഷീനും മൂന്ന് മൊബൈല്‍ ഫോണും പിടിച്ചെടുത്തതായി സെൻട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. ബെംഗളൂരുവിലെ യാരപ്പനഹള്ളിയിലെ വാടക വീട്ടില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്. 2018ല്‍ മൂന്ന് മാസത്തെ സന്ദർശന വിസയിലാണ് മൈക്കേല്‍ ഡൈക്ക് ഓകലി ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ മതിയായ രേഖകളില്ലാതെ ബെംഗളൂരുവില്‍ അനധികൃതമായി കഴിയുകയായിരുന്നു.
ഇക്കാലയളവില്‍ ലഹരി വില്പനയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തി വരികയായിരുന്നു. കെ ആർ പുരത്ത് മൈക്കേല്‍ എടുത്ത വാടക വീടിനു സമീപത്തായിരുന്നു സഹന താമസിച്ചിരുന്നത്. ശേഷം സഹനയുമായി ഇയാള്‍ ചങ്ങാത്തത്തിലാവുകയായിരുന്നു. തുടർന്ന് സഹനക്ക് കാശ് നല്‍കി ഇയാള്‍ മയക്കുമരുന്ന് കടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
അടുത്തിടെയാണ് ഇവർ രണ്ട് പേരും യാരപ്പനഹള്ളിയിലെ ബാലാജി ലേ ഔട്ടിലേക്ക് താമസം മാറുന്നത്. ഇവിടെ നിന്ന് ബെംഗളൂരുവിലെ പല മേഖലകളിലേക്കും ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. പ്രതി മൈക്കിളിനെ കുറിച്ച് മാത്രമായിരുന്നു പോലീസിന് വിവരം ലഭിച്ചിരുന്നത്, എന്നാല്‍ പരിശോധനക്കെത്തിയപ്പോളായിരുന്നു സുഹൃത്ത് സഹനയെ കണ്ടത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലായിരുന്നു മയക്കുമരുന്നുകള്‍ കടത്തുന്നതിനായി സഹനയുടെ സഹായവും ഉണ്ടായിരുന്നെന്ന് തെളിഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

















