തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എമ്പാടും മേൽക്കൈ ഉണ്ടാക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഇതിനുവേണ്ടി മിഷൻ 2025 എന്ന പേരിൽ കർമ്മ പദ്ധതിക്ക് രൂപംകൊടുത്ത് അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. എന്നാൽ പാർട്ടിയെ രക്ഷപെടാൻ അനുവദിക്കില്ല എന്ന വാശിയിൽ മുന്നോട്ടുപോകുന്ന ഒരു വിഭാഗം നേതാക്കളും പാർട്ടിക്കുള്ളിൽ തന്നെയുണ്ട്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായ കൂരോപ്പട പഞ്ചായത്തിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് അത്തരം ഒരു വാർത്തയാണ്. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് അധ്യക്ഷന്മാരെയും, ചുമതലക്കാരെയും നിശ്ചയിക്കാനുള്ള പാർട്ടി മണ്ഡലം കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ കോൺഗ്രസ് നേതാവ് കൂടിയായ യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുഞ്ഞുപുതുശ്ശേരി ആണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കെപിസിസി, ഡിസിസി നേതാക്കളുടെ സാന്നിധ്യത്തിൽ യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുഞ്ഞുപുതുശ്ശേരിയും, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു സി കുര്യനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.
യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ എന്ന നിലയിൽ സകല യോഗങ്ങളിലും സർവ്വവ്യാപിയായി പ്രത്യക്ഷപ്പെടുന്ന കുഞ്ഞുപുതുശ്ശേരിക്ക് കൂരോപ്പട മണ്ഡലം യോഗത്തിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല. എംആർഎഫിൽ ജോലിചെയ്യുന്ന തന്റെ മകനെ സ്ഥിരപ്പെടുത്താതിരിക്കാൻ അയാൾക്കെതിരെയുള്ള ഒരു പഴയ ‘കേസ്’ മണ്ഡലം പ്രസിഡന്റ് കുത്തിപ്പൊക്കുന്നുണ്ട് എന്ന് സംശയിച്ചിരുന്ന കുഞ്ഞുപുതുശേരിക്ക് തനിക്ക് നേരെയുള്ള അവഗണന കൂടിയായപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. യോഗം അവസാനിക്കാറായപ്പോഴേക്കും ‘ടെമ്പർ’ തെറ്റിയ കുഞ്ഞു പുതുശ്ശേരി മണ്ഡലം പ്രസിഡണ്ടിന് നേരെ അസഭ്യവർഷം ചൊരിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
കുഞ്ഞുപുതുശ്ശേരിയുടെ മകൻ ജസ്റ്റിൻ പുതുശ്ശേരി കോൺഗ്രസിന്റെ സൈബർ പോരാളിയും, യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമാണ്. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പിതാവിന് സീറ്റ് ലഭിക്കാതെ വന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളെ ചൊല്ലി ഒരു വനിതാ പഞ്ചായത്ത് അംഗത്തെ കയ്യേറ്റം ചെയ്ത കേസിൽ ഇയാൾ പ്രതിയാണ്. ഈ കേസ് മൂലമാണ് ഇയാളുടെ എംആർഎഫിലെ ജോലി സ്ഥിരപ്പെടാൻ കാലതാമസം നേരിടുന്നത് എന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ പ്രചരിക്കുന്നുണ്ട്. ഈ പിന്നാമ്പുറ കഥകളുടെ പശ്ചാത്തലത്തിലാണ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം ഉടലെടുത്തത്.
കേസ് ഇപ്പോഴും നിലനിൽക്കുന്നത് കോടതി നടപടിക്രമങ്ങളുടെ സാങ്കേതികത്വം കൊണ്ടുമാത്രമാണ് എന്നും കക്ഷികൾ തമ്മിൽ പരസ്പരം രാജിയായി എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വർഷങ്ങൾക്കു മുമ്പ് പ്രാദേശികമായി ഉണ്ടായ ഒരു അടിപിടിയും അതുമായി ബന്ധപ്പെട്ട കേസും ഇപ്പോൾ കോട്ടയം ജില്ലയിൽ എമ്പാടും കോൺഗ്രസ് വൃത്തങ്ങളിൽ ചർച്ചയായി മാറുകയാണ്. എന്തായിരുന്നു കേസ് എന്ന അന്വേഷണത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. യോഗം അലങ്കോലപ്പെട്ടെങ്കിലും പാർട്ടി ദുർബലപ്പെട്ടെങ്കിലും മകനെ ഫേമസ് ആക്കാൻ അച്ഛന് കഴിഞ്ഞു എന്ന പരിഹാസമാണ് എതിർ വിഭാഗം കുഞ്ഞുപുതുശ്ശേരിക്കു നേരെ ഉയർത്തുന്നത്.
കൂരോപ്പട കോൺഗ്രസിൽ സാഹചര്യം ഇതോടുകൂടി കൂടുതൽ സങ്കീർണമാവുകയാണ്. ഇരുപക്ഷങ്ങളും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകുന്നത് പാർട്ടിയെ ദുർബലപ്പെടുത്തും എന്ന് ഉറപ്പാണ്. സകല സീമകളും ലംഘിച്ചുള്ള വ്യക്തിഹത്യയും, ചെളി വാരി എറിയലും എന്നത്തേക്കാളും ശക്തി പ്രാപിച്ച് പാർട്ടിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കുമ്പോൾ അതിനു പിന്നിൽ പാർട്ടി നേതാക്കൾ തന്നെയാണ് എന്നത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ശക്തമായ നടപടികൾ ഉണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

















