സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം പാർട്ടി നിയോഗിച്ചതാണെന്ന്. അങ്ങനെയെല്ലാമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ പാർട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി.

അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. അൻവർ, ഐ പി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിന്റെ കോള്‍ റെക്കോർഡിങ് പുറത്തുവിട്ടത് മോശമായ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി ശശി മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. പി ശശി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച്‌ എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരുപറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതികള്‍ മുഖ്യമന്ത്രിയിലേക്കെത്തുന്നില്ല, പി ശശിയില്‍ വന്ന് തട്ടിനില്‍ക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച്‌ നടപടിയെടുക്കാനല്ല ശശി. ഈ സർക്കാരിനെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാൻ മാത്രമാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അല്ലാത്ത തരത്തില്‍ നടപടി സ്വീകരിച്ചാല്‍ ശശിയല്ല ആർക്കാണേലും അവിടെ ഇരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല, അതിന്റെ വിരോധംവെച്ച്‌ വിളിച്ചുപറഞ്ഞാല്‍ മാറ്റാനാകില്ല.

ആരോപണവിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ഉടന്‍ മാറ്റില്ല. ആരോപണങ്ങളില്‍ എഡിജിപിക്കെതിരേ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാനേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ നിയമത്തിനും ചട്ടത്തിനും അനുസരിച്ച്‌ നടപടിയുണ്ടാകും. അത് അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ പൂരം സംബന്ധിച്ച്‌ പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു, അത് പുരോഗമിക്കുകയാണ്. വിവരാവകാശകമ്മിഷന് മറുപടി നല്‍കിയത് വസ്തുതകള്‍ക്ക് അനുസരിച്ചല്ല. അത് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തതും അദ്ദേഹത്തെ മാറ്റി നിർത്തി അന്വേഷണം നടത്താമെന്ന് തീരുമാനിച്ചതും. 24-ാം തീയതിക്ക് മുൻപായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപി അജിത്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ വാർത്താസമ്മേളനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക