പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു വോട്ടുകൾ യുഡിഎഫും രണ്ടു വോട്ടുകൾ എൽഡിഎഫും നേടി. എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പ്രതിനിധികൾ മാത്രമാണ് തെരഞ്ഞെടുപ്പിന് എത്തിയത്.
13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ, യുഡിഎഫ് ആറ്, എൽഡിഎഫ് നാല്, സ്വതന്ത്രർ രണ്ട്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ രണ്ടു സ്വതന്ത്രർ നേരത്തെ യുഡിഎഫിനൊപ്പം ആയിരുന്നു എങ്കിലും ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ ഇവർ അകന്നു നിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബിജെപി പ്രതിനിധി വിട്ടു നിന്നാലും രണ്ട് സ്വതന്ത്ര അംഗങ്ങളുടെ വോട്ടു കൂടി ഉറപ്പിച്ച് ഇടതുമുന്നണിക്ക് 6-6 എന്ന നിലയിൽ വോട്ട് നില എത്തിക്കാൻ കഴിയും എന്നും കണക്കുകൂട്ടൽ ഉണ്ടായിരുന്നു.
എന്നാൽ ഇടതുമുന്നണിയിലെ സിപിഎം സിപിഐ പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഇത് കോൺഗ്രസിനെ സഹായിക്കാനാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതോടുകൂടി സ്വതന്ത്രരും മറുനീക്കങ്ങളിൽ നിന്ന് പിന്മാറി. കേരള കോൺഗ്രസിന്റെ രണ്ടു പ്രതിനിധികൾ മാത്രമാണ് വോട്ടിങ്ങിന് എത്തിയതും മത്സരിച്ചതും. ഭരണങ്ങാനത്തെ ഇടതുമുന്നണി സംവിധാനത്തിലുള്ള കെട്ടുറപ്പില്ലായ്മ വിളിച്ചോതുന്നതാണ് പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം എന്ന് വ്യക്തം.
ഭരണങ്ങാനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ മുൻ അധ്യക്ഷനും, സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ടോമി പൊരിയത്തിന്റെ ഭാര്യയാണ് ബിൻസി ടോമി. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ വിശ്വസ്തനായ ടോമി വരാനിരിക്കുന്ന പുനഃസംഘടനയിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ടോമിയും, പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സ്വതന്ത്ര അംഗവുമായ വിനോദ് വേരനാനിയും തമ്മിലുള്ള ശീതയുദ്ധം തിരഞ്ഞെടുപ്പിൽ അട്ടിമറികൾ സൃഷ്ടിക്കുമെന്ന് ചില രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നെങ്കിലും അത്ഭുതങ്ങൾ ഒന്നും സംഭവിക്കാതെ കോൺഗ്രസ് പ്രതിനിധി അനായാസേന വിജയിച്ചുകയറുകയായിരുന്നു.