സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ-ആർഎസ്‌എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി സിപിഎം രക്തസാക്ഷിയുടെ മകൻ. ആർഎസ്‌എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ സംഘടന എന്ന് പറയണം. ആർഎസ്‌എസിന്‍റെ വർഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങള്‍ തരിച്ചിരിക്കുകയാണെന്ന് മേപ്പയൂരിലെ രക്ത സാക്ഷി ഇബ്രാഹിമിന്‍റെ മകൻ ഷെബിൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

എഡിജിപി എംആർ അജിത് കുമാർ ആർഎസ്‌എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നുംആർഎസ്‌എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമായിരുന്നു ഷംസീർ പറഞ്ഞത്. എന്നാല്‍ പ്രധാന ‘വർഗീയ’ സംഘടന എന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ട് ‘പ്രധാന സംഘടന’ എന്ന് മാത്രം പറയുന്നതിലെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടണമെന്ന് ഷെബിൻ പറയുന്നു. ‘വർഗീയത’ എന്നത് ഉറക്കെ പറയേണ്ട വാക്ക് തന്നെയാണ്. ഷംസീറൊക്കെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ആർ എസ് എസ്സിനെ പ്രീതിപെടുത്താനുള്ളതാവരുത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന സംഘടന എന്ന ലേബലില്‍ ആർഎസ്‌എസിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇങ്ങനെ നോർമലൈസ് ചെയ്യുന്നത് കാണുമ്ബോള്‍,അവരാല്‍ കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇതൊക്കെ കേട്ട് തരിച്ചിരിപ്പാണ് എന്ന സത്യം മിനിമം മനസിലാക്കണം. ‘പ്രധാന സംഘടന’ എന്ന് മാത്രം പറഞ്ഞുകൊണ്ട് താങ്കള്‍ ആർകാണീ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്? താങ്കളീ പറഞ്ഞ ‘പ്രധാന സംഘടന’ രാജ്യത്ത് വംശഹത്യകള്‍ നടത്തിയവരുടെ സംഘടനയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്നും കൊലപാതകങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ്. ഭക്ഷണത്തിന്റെ പേരില്‍ പോലും മനുഷ്യനെ മൃഗീയമായി കൊല്ലുന്നവന്റെ സംഘടനയാണ്‌-ഷെബിൻ പറയുന്നു.

ഈ ആർ എസ് എസ് എന്ന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന്‌ കളഞ്ഞത്. ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും. വർത്തമാന ഇന്ത്യയില്‍ നിങ്ങളെ പോലുള്ളവരാല്‍ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആർ എസ് എസ്. ഇന്ത്യയില്‍ ആർ എസ് എസ് എന്നത് ‘പ്രധാന വർഗീയ സംഘടനയാണ്’. മനുഷ്യനെ കൊന്നുകളയാൻ യാതൊരു മടിയുമില്ലാത്ത ‘തീവ്രസ്വഭാവമുള്ള പ്രധാന വർഗീയ സംഘടന’. അതങ്ങിനെ തന്നെയേ പറയാവൂ- ഷെബിൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക