വൈദ്യുതി ബോർഡിന്റെ പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് തുക വകയിരുത്തേണ്ട ഉത്തരവാദിത്വം വൈദ്യുതി ബോർഡിനാണെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഉപഭോക്താക്കളില്‍നിന്നു പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി, ബോർഡിനു വിട്ടുനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവില്‍ കെ.എസ്.ഇ.ബി. ലിമിറ്റഡ് വാർഷികവിഹിതം മാസ്റ്റർ ട്രസ്റ്റിനു നല്‍കിയാണ് പെൻഷൻ ഫണ്ട് നിലനിർത്തേണ്ടതെന്നും വിശദീകരിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബോർഡിലെ പെൻഷൻകാരുടെ സംഘടനയായ പെൻഷൻ കൂട്ടായ്മ പ്രതിനിധികളെ കേട്ടശേഷം സർക്കാർ ഉത്തരവിറക്കിയത്.

പത്തുവർഷത്തേക്കുകൂടി വൈദ്യുതി ഡ്യൂട്ടി, ബോർഡിനു നല്‍കണമെന്നും മാസ്റ്റർ ട്രസ്റ്റ് പ്രവർത്തനസജ്ജമാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പെൻഷൻ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്. പെൻഷൻ കൂട്ടായ്മ പ്രതിനിധികളെ നേരിട്ടുകേട്ടശേഷം ഇതുസംബന്ധിച്ച്‌ നടപടികള്‍ കൈക്കൊള്ളാൻ കോടതി ആവശ്യപ്പെട്ടപ്രകാരമാണ് ഊർജവകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയത്. 2013-ലെ ത്രികക്ഷി കരാർപ്രകാരം പെൻഷൻ ഫണ്ടിന്റെ 35.4 ശതമാനം ബാധ്യത സംസ്ഥാന സർക്കാരിനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരവിലെ മറ്റു നിർദേശങ്ങള്‍

  • മാസ്റ്റർ ഫണ്ടിലേക്ക് ബോർഡ് നീക്കിവയ്ക്കാത്ത തുകയ്ക്ക് 24 ശതമാനം പിഴപ്പലിശ ഒടുക്കണം.
  • മാസ്റ്റർ ട്രസ്റ്റില്‍ കൂടുതല്‍ സർക്കാർ പ്രതിനിധികളെയും ബോർഡിലെ പെൻഷൻ സംഘടനകളുടെ പ്രതിനിധികളെയും ചേർത്ത് വിപുലീകരിക്കും.
  • മാസ്റ്റർ ട്രസ്റ്റിന് സ്വതന്ത്ര ഭരണസംവിധാനം ഉണ്ടാക്കും.
  • അധിക പെൻഷൻ ബാധ്യതയ്ക്കു തുക കണ്ടെത്തുന്നതിന് ബോണ്ട് പുറപ്പെടുവിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച്‌ തീരുമാനമെടുക്കും.

വൈദ്യുതിനിരക്ക് വർധിക്കും?

വൈദ്യുതി ബോർഡിന്റെ പെൻഷൻ ബാധ്യത പൂർണമായും കെ.എസ്.ഇ.ബി.യുടെ ചുമലില്‍ വെച്ചതിലൂടെ വൈദ്യുതിനിരക്ക് വീണ്ടും വർധിക്കാനിടയാക്കുമെന്ന് പെൻഷൻ കൂട്ടായ്മ ചൂണ്ടിക്കാട്ടി. ത്രികക്ഷി കരാറിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്ത ഈ തീരുമാനം പിൻവലിച്ചില്ലെങ്കില്‍ നിയമനടപടികളും സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക