ആർ.എസ്.എസ്, ബി.ജെ.പി ഉന്നതനേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം പോയത് ഭരണപക്ഷത്തെ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും വമ്ബൻ ബിസിനസുകാരനുമെന്ന് റിപ്പോര്‍ട്ട്. അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടും എന്ന പരാമര്‍ശത്തോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിട്ട ആരോപണത്തില്‍ പറയുന്ന ഉന്നതര്‍ ഇവരാണെന്ന സൂചനയാണ് പുറത്തുവരുന്നത്. ആര്‍ എസ് എസ് ബന്ധമുള്ള മറ്റൊരു വ്യവസായിയുടെ കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാദ കൂടിക്കാഴ്ച.

അജിത് കുമാറിന് ഒപ്പമുണ്ടായിരുന്നവരുടെ പേരുകള്‍ കേട്ടാല്‍ കേരളം ഞെട്ടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വരുംദിവസങ്ങളിൽ കൂടുതൽ തെളിവുകളും വിവരങ്ങളും പുറത്തു വിടുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ പിണറായി സർക്കാരിനെതിരെയുള്ള സർജിക്കൽ സ്ട്രൈക്ക് ആയി പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങൾ പരിണമിക്കും. സിപിഎം ആർഎസ്എസ് ബാന്ധവവും, പിണറായിയുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും കേരള ജനതയ്ക്ക് മുന്നിൽ തെളിവ് സഹിതം തുറന്നു കാട്ടിയാൽ സതീശന് കിട്ടാവുന്ന രാഷ്ട്രീയ മൈലേജ് ചെറുതല്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തെ ഉയർത്താൻ പോകുന്ന ഒരു നീക്കം തന്നെയാവും ഇത് എന്ന് നിസംശയം പറയാൻ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടിക്കാഴ്ചകള്‍ കേസൊതുക്കാൻ:

കേന്ദ്രസർക്കാരിന്റെ അന്വേഷണത്തിലുള്ള ചില കേസുകളും മറ്റു ചില രാഷ്ട്രീയ നിലപാടുകളുമാണ് ചർച്ചയായതെന്നാണ് സൂചന. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സംസ്ഥാന ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു ആർ.എസ്.എസ് നേതാവുമൊത്താണ് ഭരണപക്ഷത്തെ ഉന്നതനും എ.ഡി.ജി.പിയും എത്തിയതെങ്കില്‍ ഇവര്‍ പോയി 20 മിനിറ്റിനു ശേഷമാണ് ബിസിനസുകാരന്‍ സ്വന്തം കാറില്‍ ഇവിടെയെത്തിയത്.

പിണറായി വിജയനുമായും സി.പി.എമ്മുമായും അടുപ്പമുള്ളയാളാണ് ഈ ബിസിനസുകാരൻ. ആർ.എസ്.എസ് നേതാവിനെ കാണാനെത്തിയ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ വിവരങ്ങള്‍ പുറത്തറിഞ്ഞാല്‍ രാഷ്ട്രീയ ഭൂകമ്ബമാവും വരാനിരിക്കുക. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഈ വിവരങ്ങള്‍ ശേഖരിച്ച്‌ മുഖ്യമന്ത്രിയെ അറിയിച്ചതായി സൂചനയുണ്ട്.

എഡിജിപി സന്ദർശിച്ചത് സംഘപരിവാർ രാഷ്ട്രീയത്തിലെ മുടി ചൂടാ മന്നൻമാരെ

ആർ.എസ്.എസിന്റെ ഉന്നത നേതാവായിരുന്ന റാം മാധവ്, ഏറെക്കാലം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജമ്മുകാശ്മീരിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവാണ്. കാശ്മീരില്‍ ബദ്ധവൈരികളായ പി.ഡി.പിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ ചരടുവലിച്ചതും അതിന്റെ ചർച്ചകളും അണിയറ നീക്കങ്ങളും നടത്തിയതും റാം മാധവായിരുന്നു. ഇന്ത്യയെ ഞെട്ടിച്ച രാഷ്ട്രീയ നീക്കമായിരുന്നു അത്. ഇത്രയും സ്വാധീനമുള്ള നേതാവുമായാണ് എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച. കേന്ദ്രസർക്കാരുമായും പ്രധാനമന്ത്രിയുമായും ഉറ്റബന്ധമുള്ളയാളാണ് റാംമാധവ്. ആർ.എസ്.എസ് ചിന്തിർശിബിരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റാംമാധവ്. ഒരുമണിക്കൂർ നീണ്ട കൂടിക്കാഴ്ച തരപ്പെടുത്തിയതും മദ്ധ്യസ്ഥനായതും എ.ഡി.ജി.പിയാണെന്നാണ് പുറത്തുവന്ന ആരോപണം.

തൃശൂരില്‍ ആർ.എസ്.എസ് ജനറല്‍സെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയും വിവാദമായിട്ടുണ്ട്. ആർ.എസ്.എസ് മേധാവി മോഹൻഭാഗവതിന്റെ പിൻഗാമിയായേക്കാവുന്ന ഹൊസബളെ ആർ.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനാണ്. ആർ.എസ്.എസിന്റെ സർകാര്യവാഹാണ്. 2021 മാർച്ചിലാണ് സർസംഘചാലകിന്റെ തൊട്ടുതാഴെയുള്ള ഈ പദവിയിലെത്തിയത്. കർണാടകയിലെ ഷിമോഗ സ്വദേശി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുള്ള പ്രതിഷേധമായി മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയാനുള്ള ആർ.എസ്.എസ് തീരുമാനം 2017ല്‍ അവസാനിപ്പിച്ചത് അദ്ദേഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായടക്കം ഉറ്റബന്ധമുള്ള ഹൊസബളെയുമായി എഡിജിപിയുടെ ചർച്ചയുടെ വിവരങ്ങള്‍ ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക