പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റില്‍. പെണ്‍കുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി. സുനില്‍കുമാർ (36) എന്നിവരെയാണ് മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പി. എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.

2024 ജനുവരിയില്‍ വടകരയിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. വിവാഹ ഇടനിലക്കാരനായി എഴുപതിനായിരം രൂപ കൈപ്പറ്റിയ സുനില്‍, കുട്ടിയുടെ ആധാർകാർഡിന്റെ പകർപ്പ് തിരുത്തിയാണ് തട്ടിപ്പുനടത്തിയത്. നിയമത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് സുനില്‍ തട്ടിപ്പുനടത്തിയത്. കുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നറിഞ്ഞിട്ടും വിവാഹംചെയ്തതിനാലാണ് സുജിത്തിനെ പോലീസ് ഒന്നാംപ്രതി ആക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച മീനങ്ങാടി പോലീസ് രജിസ്റ്റർചെയ്ത കേസ് ശനിയാഴ്ചയാണ് എസ്.എം.എസിന് കൈമാറിയത്. സുജിത്തിനെ ശനിയാഴ്ചതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഞായറാഴ്ചയാണ് സുനിലിന്റെ അറസ്റ്റുരേഖപ്പെടുത്തിയത്. ഇരുവരെയും സുല്‍ത്താൻബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.

പട്ടികവർഗവിഭാഗത്തില്‍പ്പെട്ട പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹംചെയ്യുന്നതുമായി ബന്ധപ്പെട്ട് മുൻപ് ഒട്ടേറെ കേസുകളുണ്ടായിരുന്നെങ്കിലും വിവാഹത്തിനു കൂട്ടുനിന്നതിന് ഇടനിലക്കാരൻ അറസ്റ്റിലായ സംഭവം മുൻപ് ഉണ്ടായിട്ടില്ല. പ്രായമേറിയിട്ടും വിവാഹം കഴിക്കാൻ സാധിക്കാതെ വരുന്ന ഇതരജില്ലകളില്‍പ്പെട്ടവരെ ചില ഇടനിലക്കാർ മുതലെടുക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക