മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. അഞ്ജുകൃഷ്ണ, അലക്സ്, ഹാഷിര എന്നിവരെയാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റിപോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. സുദര്‍ശനന്‍ ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം ആണ് റെയ്ഡ് നടന്നത്.
കളമശ്ശേരി വട്ടേകുന്നം പടുത്തോളില്‍ ലൈനിലുള്ള വരുണ്‍ അപ്പാര്‍ട്ട്മെന്‍റിലെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് രാസലഹരി ഉൾപ്പെടെ പിടികൂടിയത്. 23.8 ഗ്രാം എം.ഡി.എം.എയും 54 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽ നിന്ന് പോലീസ് വീണ്ടെടുത്തത്. അതിമാരകമായ സിന്തറ്റിക് ലഹരിയാണ് എം ഡി എം എ.
നാര്‍ക്കോട്ടിക് സെല്‍ എ.സി.പി. കെ.എ.അബ്ദുല്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് ടീമും കളമശ്ശേരി പോലീസും ചേർന്നാണ് പരിശോധനകൾ പൂർത്തിയാക്കിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതികളെ പ്രാഥമിക ചോദ്യം ചെയ്യുന്നതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സ്ത്രീകൾ പ്രതിയായ നിരവധി ലഹരി കേസുകളാണ് കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

















