വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. പാലക്കാട് അടക്കമുള്ള നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് ശതമാന വർധന ബി.ജെപിയെ അംഗീകരിച്ചതിന്റെ തെളിവാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കേരള സർക്കാർ പലതും ഒളിച്ചുകളിക്കുകയാണ്. സ്വന്തം ആളുകള്‍ റിപ്പോർട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേരള സർക്കാറിനറിയാം. അതിനാല്‍ തുടർനടപടി വൈകുന്നു. കേരളം കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും നാടായി മാറി. മുഖ്യമന്ത്രിയുടെ ഓഫിസ് പോലും കള്ളക്കടത്ത് കേന്ദ്രമായെന്നും നഡ്ഡ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ, നഡ്ഡ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പരിപാടിയില്‍ മുൻ കോണ്‍ഗ്രസ് നേതാവും മുൻ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പങ്കെടുത്തു. നേരത്തേ കോണ്‍ഗ്രസ് വിട്ട എ.വി. ഗോപിനാഥ് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ശേഷം സി.പി.എമ്മുമായി അടുത്ത അദ്ദേഹം നവകേരള സദസ്സില്‍ ഉള്‍പ്പെടെ പങ്കെടുത്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബി.ജെ.പി പരിപാടിയിലേക്കും എത്തിയിരിക്കുന്നത്. ഒരു കർഷകൻ എന്ന നിലയില്‍ കർഷകരുടെ പ്രശ്നങ്ങള്‍ ചർച്ചചെയ്യാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അതില്‍ പ്രത്യേകിച്ച്‌ ഒന്നും കാണേണ്ടതില്ലെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക