ഇന്റർനെറ്റ് കുടിശികയെത്തുടർന്ന് ഇ ചലാൻ ചിത്രങ്ങള്‍ അയക്കുന്നത് നിർത്തിവെച്ച നടപടി വീണ്ടും ആരംഭിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.ഇന്റർനെറ്റ് സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ റോഡിലെ എ.ഐ കാമറകള്‍ പ്രവർത്തന രഹിതമാണെന്ന വാർത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് എ.ഐ. കാമറകള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മോട്ടോ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കലക്ടറേറ്റിലെ ആർ.ടി.ഒ കണ്‍ട്രോള്‍ റൂമില്‍ കാമറ ചിത്രങ്ങള്‍ എത്തിത്തുടങ്ങിയതായി റിപ്പോർട്ടുകള്‍.

കാമറയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ കുടിശിക നല്‍കാത്തതിനെ തുടർന്ന് ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതായിരുന്നു പ്രവർത്തനം നിലക്കാനുള്ള കാരണം.സർക്കാറാണ് കെല്‍ട്രോണിന് കാമറ പ്രവർത്തിക്കാനുള്ള തുക കൈമാറേണ്ടിയിരുന്നത്. എന്നാല്‍, സർക്കാർ ഫണ്ട് ലഭിക്കാൻ വൈകിയതോടെ കെല്‍ട്രോണ്‍ സ്വന്തം നിലയില്‍ തുക കണ്ടെത്തി കുടിശിക അടച്ചുതീർക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്റർനെറ്റ് വിഛേദിക്കപ്പെട്ട രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്‍ട്രോള്‍ റൂമിലേക്ക് പ്രവഹിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതിരുന്ന സമയത്ത് ദൃശ്യങ്ങള്‍ ആർ.ടി.ഒ ഓഫീസിലേക്ക് അയക്കുന്നത് തടസ്സപ്പെട്ടിരുന്നെങ്കിലും, റോഡിലെ നിയമലംഘനങ്ങള്‍ പകർത്തുന്ന ജോലി കാമറകള്‍ കൃത്യമായി നിർവഹിക്കുന്നുണ്ടായിരുന്നു.

പ്രവർത്തന രഹിതമായ രണ്ടാഴ്‌ച കൊണ്ട് ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങളാണ് കാമറയുടെ മെമ്മറിയില്‍ ശേഖരിച്ചു വച്ചിരുന്നത്. ഇൻ്റർനെറ്റ് പുനഃസ്‌ഥാപിച്ചതോടെ ഈ ദൃശ്യങ്ങള്‍ കാമറയില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയായിരുന്നു. മാസം തോറും 35,000 മുതല്‍ 40,000 വരെ നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ എ.ഐ കാമറകള്‍ വഴി ലഭിക്കാറുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക