ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ സ്ത്രീ ചൂഷണത്തിനെതിരേ വന്‍ വിവാദം പൊട്ടിപ്പുറപ്പെടുമ്ബോള്‍ തൊട്ടുപിന്നാലെ കോണ്‍ഗ്രസിലും ചൂഷണം ആരോപിച്ച് വനിതാ നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവരുടെ പേരെടുത്തുള്ള വിമര്‍ശനവുമായി തുറന്നടിച്ച് രംഗത്ത് വന്നിരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തക സിമി റോസ്‌ബെല്‍ ജോണാണ്. ഒരു വാർത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനുള്ളില്‍ വനിതാചൂഷണ ആരോപണം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസില്‍ കടുത്ത ലിംഗ വിവേചനം നിലനില്‍ക്കുന്നതായും വിഡി സതീശന്‍ അടക്കമുള്ള പവര്‍ഗ്രൂപ്പാണ് ഇത് നടപ്പാക്കുന്നതെന്നും പറഞ്ഞു. സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ കടുത്ത വിവേചനം നേരിടേണ്ടി വരുന്നതായും പ്രായമായ സ്ത്രീകള്‍ നിരന്തരം അപഹസിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെ പരസ്യമായി അപമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു. സിനിമയിലെ പോലെ കോണ്‍ഗ്രസിലും പവര്‍ഗ്രൂപ്പുണ്ടെന്നും വിവേചനം നടപ്പാക്കുന്നത് ഈ പവര്‍ഗ്രൂപ്പാണെന്നും അവരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.
തനിക്ക് മത്സരിക്കാന്‍ അവസരം കിട്ടാത്തത് താന്‍ ഗുഡ്ബുക്കില്‍ ഇല്ലാത്തതിനാലാണെന്നും തുറന്നടിച്ചു. പ്രീതിപ്പെടുത്താന്‍ നില്‍ക്കാത്തതിനാല്‍ താന്‍ കോണ്‍ഗ്രസിന്റെ ഗുഡ്ബുക്കില്‍ ഇല്ലെന്നും പറഞ്ഞു. കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉള്‍പ്പെടെയുണ്ടെന്നും അവസരം കിട്ടാന്‍ ചൂഷണത്തിന് നിന്നുകൊടുക്കേണ്ട അവസ്ഥയുണ്ടെന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെങ്കിലും മറ്റുള്ളവര്‍ തന്നോട് അനുഭവം പങ്കുവെച്ചിട്ടുണ്ടെന്നും പറഞ്ഞു. അവസരം കിട്ടാന്‍ നേതാക്കളുടെ ഗുഡ്ബുക്കില്‍ കയറേണ്ടതുണ്ടെന്നും പറഞ്ഞു. ദീര്‍ഘകാലം പ്രവര്‍ത്തിച്ച സ്ത്രീകള്‍ പാര്‍ട്ടിയിലുള്ളപ്പോള്‍ പ്രവര്‍ത്തന പരിചയമില്ലാത്ത സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നെന്നും പറഞ്ഞു. കോണ്‍ഗ്രസിലെ വനിതാ നേതാവായ സിമി എഐസിസി അംഗമാണ്.