മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായിയെ കോന്തനെന്ന് വിശേഷിപ്പിച്ച സുധാകരൻ പിണറായി പച്ചനോട്ട് കണ്ടാല്‍ ഇളിച്ച് നില്‍ക്കുമെന്നും പരിഹസിച്ചു. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ സംസാരിക്കുകയായിരുന്നു സുധാകരൻ. തന്റെ ജില്ലയില്‍ നിന്നുള്ളയാളാണ് പിണറായി എന്ന് പറയുന്നതില്‍ ലജ്ജയുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു സുധാകരൻ പ്രസംഗം തുടങ്ങിയത്. തുടർന്ന് പിണറായി വിമർശനത്തിലേക്ക് കടക്കുകയായിരുന്നു. ‘രാജ്യത്ത് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും പച്ചനോട്ട് കണ്ടാല്‍ ഇളിച്ച് നില്‍ക്കുന്ന കോന്തൻ മുഖ്യമന്ത്രി ഈ സംസ്ഥാനത്തിന് അപമാനമാണെ’ന്നായിരുന്നു സുധാകരൻ്റെ പരാമർശം.
‘വീണാ വിജയൻ ഉള്‍പ്പെട്ട വിവാദത്തില്‍ ആരോപണ വിധേയനായിട്ടും പിണറായി വിജയൻ അത് നിഷേധിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്തില്ല. നാണമുണ്ടോ പിണറായി വിജയന്? എന്റെ ജില്ലയില്‍ നിന്നുള്ള മുഖ്യമന്ത്രി എന്നതില്‍ തനിക്ക് ലജ്ജയുണ്ട്’, സുധാകരൻ കൂട്ടിച്ചേർത്തു. പിണറായി വിജയനെ ഉടൻ പുറത്താക്കണമെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാല്‍ സിപിഐഎം നിലംതൊടില്ലെന്നും സുധാകരൻ പറഞ്ഞു. പിണറായി ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ജനം പഠിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയ സുധാകരൻ ഭ്രാന്ത് പിടിച്ചവരുടെ മന്ത്രിസഭയാണ് നിലവിലുള്ളതെന്നും വിമർശിച്ചു.