തൊടുപുഴയിൽ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കിൽ. നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്ത് ചൊല്ലി പാർട്ടികളും തമ്മിലുണ്ടായ തർക്കം സമവായത്തിൽ എത്താത്തതിനെ തുടർന്ന് തിരിച്ചുപിടിക്കാമായിരുന്ന നഗരഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ അംഗീകരിക്കാതിരുന്ന ലീഗിന്റെ അഞ്ചു കൗൺസിലർമാർ സിപിഎം സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടുകൂടി കൈവിട്ടു പോകും എന്ന് കരുതിയിരുന്ന നഗരഭരണം നിലനിർത്തുവാൻ സിപിഎമ്മിന് കഴിഞ്ഞു.
തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് മുസ്ലിം ലീഗ് അണികൾ തമ്മിൽ നഗരസഭയ്ക്ക് മുന്നിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ലീഗ് കൗൺസിലർമാരെ മുന്നിൽ നിർത്തി മുസ്ലിം യൂത്ത് ലീഗ് പ്രകടനം നയിച്ചു. പ്രകടനത്തിൽ ഉടനീളം കോൺഗ്രസിനെതിരെയുള്ള മുദ്രാവാക്യം വിളികളാണ് ഉയർന്നുകേട്ടത്. കോൺഗ്രസിനെ വെല്ലുവിളിച്ചായിരുന്നു യൂത്ത് ലീഗിന്റെ മുദ്രാവാക്യം വിളി. വീഡിയോ ചുവടെ കാണാം.
ഡിസിസി അധ്യക്ഷൻ സിപി മാത്യു മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. തൊടുപുഴയിലെ ജനാധിപത്യ വിശ്വാസികളോടുള്ള വഞ്ചനയാണ് മുസ്ലിം ലീഗ് നിലപാടെന്നാണ് സിപി മാത്യു പ്രതികരിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനു മറുപടി നൽകുമെന്നും സിപി മാത്യു വ്യക്തമാക്കി. നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് 16 മാസം മാത്രം ബാക്കിയുള്ളപ്പോൾ യുഡിഎഫ് സംവിധാനത്തിന് കെട്ടുറപ്പ് തന്നെയാണ് തൊടുപുഴയിൽ ആടി ഉലഞ്ഞിരിക്കുന്നത്.