അഭിഭാഷകയും വനിതാ ജഡ്ജിയും കോടതി പരിസരത്ത് പരസ്‌പരം തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. 2022 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.മായങ്ക് ബർമി എന്ന എക്സ് ഉപഭോക്താവ് മഹാരാഷ്ട്രയിലെ ഒരു കോടതിമുറിയില്‍ സംഭവിച്ചതെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവച്ചത്.
അഭിഭാഷകയുടെ കക്ഷിക്ക് ജാമ്യം അനുവദിക്കാൻ ജഡ്ജി വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു. ഒരു പോലീസുകാരി ഇടപെട്ട് രംഗം ശാന്തമാക്കുന്നത് വരെയും ഇരുവരും തമ്മിലുള്ള തല്ല് തുടർന്നു. അതേസമയം ഈ സംഭവം മഹാരാഷ്ട്രയില്‍ നടന്നതല്ല എന്നതാണ് വാസ്തവം. ഇത് ഉത്തര്‍പ്രദേശിലെ കസ്കഞ്ചില്‍ നടന്ന സംഭവമാണ് എന്നതാണ് യാഥാർഥ്യം.
ജാഗരണ്‍ വാര്‍ത്താ പോർട്ടല്‍ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇത് അഭിഭാഷകയും വനിതാ ജഡ്ജിയും തമ്മിലുള്ള സംഘർഷമല്ല മറിച്ച് രണ്ട് അഭിഭാഷകര്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ്. വാദങ്ങള്‍ക്കിടെയുണ്ടായ വാക്പോര് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോടതി പരിസരത്ത് വെച്ച് നടന്ന സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരും സഹ അഭിഭാഷകരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയതായും സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. 2022 ഒക്ടോബര്‍ 28നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

















