കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന പരാതിയില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ ഞെട്ടിച്ച സംഭവമുണ്ടായത്, ഭോപ്പാല്‍ പൊലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) തസ്തികയില്‍ ജോലി ചെയ്യുന്ന കല്‍പ്പന രഘുവംശിക്കെതിരെയാണ് കേസെടുത്തത്.
പരാതിക്കാരിയുടെ മൊഴി: താൻ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യാൻ വെച്ച ശേഷം കുളിക്കാൻ പോയ സമയത്താണ് സംഭവം നടന്നതെന്ന് പാതിക്കാരി പറയുന്നു. ഡി.എസ്.പി. കല്‍പ്പന രഘുവംശി വീട്ടില്‍ പ്രവേശിച്ച് ഹാൻഡ്ബാഗില്‍ വെച്ചിരുന്ന പണവും മറ്റൊരു സെല്‍ഫോണും എടുത്തുകൊണ്ടുപോയെന്ന് പരാതിക്കാരി പറയുന്നു.കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പണവും ഫോണും കാണാനില്ലായിരുന്നു. തുടർന്ന്, സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഡി.എസ്.പി. രഘുവംശി വീട്ടിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും കണ്ടതെന്ന് പരാതിക്കാരി പറഞ്ഞു.
ദൃശ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥ പണക്കെട്ട് കൈയ്യില്‍ പിടിച്ച് പുറത്തേക്ക് പോകുന്നത് കാണാമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.പരാതിക്കാരി ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കല്‍പ്പന രഘുവംശിക്കെതിരെ മോഷണത്തിന് കേസെടുത്തു.
ആരോപണവിധേയയായ ഉദ്യോഗസ്ഥ ഇപ്പോള്‍ ഒളിവിലാണ്. അവരെ കണ്ടെത്താനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ബിട്ടു ശർമ്മ പറഞ്ഞതിങ്ങനെ- “പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. ദൃശ്യങ്ങളില്‍ അവരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. എന്നാല്‍ 2 ലക്ഷം രൂപ ഇപ്പോഴും കണ്ടെത്താനായിട്ടില്ല”.ആരോപണവിധേയയായ ഉദ്യോഗസ്ഥയ്ക്ക് വകുപ്പുതല നോട്ടീസ് നല്‍കിയിട്ടുണ്ട്, കൂടാതെ ശിക്ഷാ നടപടികള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

















