ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കി സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പി.എസ് പ്രശാന്ത് ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയെന്ന് എസ്‌ഐടി റിപ്പോർട്ട്.2025ല്‍ ദ്വാരപാലക ശില്‍പ്പം കൊണ്ടുപോകുന്നതില്‍ തീരുമാനമെടുത്തത് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബോർഡ് യോഗമാണെന്നും എസ്‌ഐടി കണ്ടെത്തി. അന്നു തിരുവാഭരണം കമ്മീഷണറുടെ എതിർപ്പ് മറികടന്നാണ് പ്രശാന്ത് തീരുമാനമെടുത്തെന്നും റിമാൻഡ് റിപ്പോർട്ടുണ്ട്. ‌

അതേസമയം തന്റെ ഭരണ സമിതിയുടെ കാലത്തല്ല ശബരിമലയില്‍ നിന്നും ദ്വാരപാലക ശില്‍പ്പം കൊണ്ടുപോകുന്നതിനുള്ള തീരുമാനം എടുത്തതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിന് തൊട്ടുമുമ്പ് പി.എസ് പ്രശാന്ത് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. എന്നാല്‍ പ്രശാന്ത് ഉന്നയിച്ച വാദങ്ങളെ തള്ളുന്നതാണ് എസ്‌ഐടിയുടെ റിപ്പോർട്ട്. ദേവസ്വം ബോർഡ് മുൻ അധികൃതരുള്‍പ്പെടെയുള്ളവർ ചട്ടങ്ങള്‍ ലംഘിച്ച്‌ വ്യാജരേഖകള്‍ ചമച്ചും ഗൂഢാലോചന നടത്തിയും കൃത്രിമം കാട്ടിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പി.എസ് പ്രശാന്തും എ.അജികുമാറും ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കി സ്വർണം പൂശുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുപോലെ കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെ സഹായിക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖകള്‍ ചമയ്ക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കൂടാതെ, ക്ഷേത്രമുതലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മുൻപ് ഹൈക്കോടതിയെ അറിയിക്കണമെന്ന കർശന നിർദേശം പി.എസ് പ്രശാന്ത് ബോധപൂർവം അവഗണിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം 2025ല്‍ ശബരിമലയില്‍ നിന്ന് ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാവിലെ കരകുളത്തെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. സ്വർണകൊള്ള മറയ്ക്കുന്നതിന് വേണ്ടി പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

2019 ശബരിമലയില്‍ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വർണം തട്ടിയെടുത്തിനെ കുറിച്ച്‌ പ്രശാന്തിന് അറിവുണ്ടായിരുന്നു. പ്രശാന്ത് മനഃപൂർവം കാര്യങ്ങള്‍ മറച്ചു വെച്ചെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. 2025ലെ ഇടപാടില്‍ കൂടുതല്‍ അറസ്റ്റ് ഉടൻ ഉണ്ടാവും. എല്‍ഡിഎഫ് സർക്കാരിൻറെ കാലത്ത് ഉണ്ടായിരുന്ന രണ്ടാമത്തെ ഭരണസമിതിയാണ് പ്രതിക്കൂട്ടിലേക്ക് എത്തുന്നത്. സ്വർണ കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ ഉള്‍പ്പെടെയുള്ളവരെ നേരത്തെ അറസ്റ്റിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക