ദേശീയപാതയില്‍ റീല്‍സ് ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു.മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നാഷനല്‍ ഹൈവേ-135ല്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ ദുരന്തമുണ്ടായത്.

അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബേല ഗ്രാമവാസികളായ ഉപലക്ഷ് കോള്‍ (17), അമ്രീഷ് കോള്‍ (22), ഹേമരാജ് കോള്‍ (17) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് ബൈക്കുകളിലായി അഞ്ച് യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. ഒരു ബൈക്കില്‍ മൂന്ന് പേരും മറ്റൊരു ബൈക്കില്‍ ഇവർക്ക് പിന്നാലെ വീഡിയോ ചിത്രീകരിക്കാനായി മറ്റു രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. മുന്നില്‍ പോയ ബൈക്കിലിരുന്ന യുവാക്കളില്‍ ഒരാള്‍ കൈത്തോക്ക് ഏന്തി വീശുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഹൈവേയിലൂടെ അതിവേഗത്തില്‍ ടാങ്കർ ലോറികളെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. തൊട്ടുപിന്നാലെ വീഡിയോ പകർത്തി വന്ന ബൈക്കിലെ രണ്ടുപേർക്കും വീണ് പരിക്കേറ്റു. അപകടം നടന്ന സ്ഥലത്തുനിന്ന് പൊലീസ് ഒരു കൈത്തോക്ക് കണ്ടെടുത്തു. പന്നി പതാരിയ എന്ന സ്ഥലത്തുവെച്ചുണ്ടായ അപകടത്തിന് കാരണം അമിതവേഗതയും അശ്രദ്ധയുമാണെന്ന് മൗഗഞ്ച് പൊലീസ് അറിയിച്ചു. മരിച്ച യുവാക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക