വീട്ടിലേക്ക് വാങ്ങിയ സെക്കൻറ് ഹാന്‍റ് വാഷിംഗ് മെഷ്യൻ തുറന്ന് നോക്കിയപ്പോള്‍ കുത്തി നിറച്ച നിലയില്‍ ഡോളർ. ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്സില്‍ നിന്ന് വാങ്ങിയ സെക്കൻഡ് ഹാൻഡ് വാഷിംഗ് മെഷ്യൻറെ ഡ്രയറിനകത്ത് എന്തോ സാധനം നിറച്ച് വച്ചതായി സംശയം തോന്നിയതിനെ തുടർന്നാണ് തുറന്ന് നോക്കിയത്.പിന്നാലെ അപ്രതീക്ഷിത ലാഭം. വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ, റീല്‍സിനായി സെറ്റിട്ട വീഡിയോയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അവകാശപ്പെട്ടു.
പ്രവർത്തിക്കാത്ത ഡ്രയർ, നന്നാക്കാൻ ശ്രമിച്ചപ്പോള്‍….
ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്സില്‍ നിന്നും ഉപയോഗിച്ച സാംസങ് ഡ്രയർ വാങ്ങിയപ്പോഴാണ് അസാധാരണമായ സംഭവം. വീഡിയോ വൈറലായതോടെ നിരവധി പേർ അത്ഭുതപ്പെട്ടു. ഡ്രയർ വാങ്ങിയ ആള്‍ നല്ല വിശ്വാസത്തോടെയാണ് അത് വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് സാധനം പ്രവർത്തന ക്ഷമമല്ലെന്ന് മനസിലായത്. പിന്നാലെ വില്പനക്കാരനെ വിളിച്ചപ്പോള്‍ അയാള്‍ നമ്പർ ബ്ലേക്ക് ചെയ്തതായി മനസിലായി. പ്രവർത്തനക്ഷമമല്ലാത്ത ഡ്രയർ നന്നാക്കാൻ തീരുമാനിച്ചപ്പോഴാണ് അത്ഭുതം സംഭവിച്ചത്.
ക്ലൗണ്‍ വേള്‍ഡ് എന്ന എക്സ് ഹാന്‍റിലാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ഉപഭോക്താവ് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസില്‍ നിന്നും ഒരു സാംസങ് ഡ്രയർ വാങ്ങി. പിന്നാലെ വില്പനക്കാരനെ വിളിച്ചപ്പോള്‍ വില്പനക്കാരൻ ആളെ ബ്ലോക്ക് ചെയ്തിരുന്നു. ഡ്രയർ ഒന്നും ഉണക്കിയില്ല. ഒടുവില്‍ സാധനം റിപ്പയർ ചെയ്യാൻ വന്നയാള്‍ ഡ്രയർ തുറന്നപ്പോള്‍ അതിനുള്ളില്‍ പണം. ഒടുവില്‍ പണമെല്ലാം മാറ്റി ഡ്രയർ നന്നാക്കി. 1,000 ഡോളർ അതിനുള്ളില്‍ നിന്നും ലഭിച്ചു. ഫേസ്ബുക്ക് മാർക്കറ്റ്പ്ലേയ്സ് വന്യമായി മാറി.’
ഞെട്ടല്‍ മാറാതെ നെറ്റിസെണ്‍സ്
വീഡിയോയും കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. അതേസമയം വീഡിയോ പങ്കുവച്ച ചിലർ റിപ്പയർ ചെയ്യാൻ ആരും വന്നിരുന്നില്ലെന്നും വാങ്ങിയ ആള്‍ തന്നെയാണ് ഡ്രയർ അഴിച്ചതെന്നും എഴുതി. ഇതോടെ കാഴ്ചക്കാരും രണ്ട് തട്ടിലായി. ചിലർ ഇനി ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ സെക്കന്‍റ് ഹാന്‍റാ മാത്രമാണെന്നും അതും ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസില്‍ നിന്നാകുമെന്നും എഴുതി. വീഡിയോ കണ്ട വില്പനക്കാരന് എന്ത് സംഭവിച്ചെന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. മറ്റ് ചിലർ വീഡിയോ കണ്ട് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസില്‍ നിന്നും സെക്കന്‍റ് ഹാന്‍റ് സാധനങ്ങള്‍ വാങ്ങിക്കൂട്ടി പണി വാങ്ങരുതെന്ന് എഴുതി. ഇത് ആരോ മനപൂർവ്വം ഒളിപ്പിച്ച് വച്ചതാകാമെന്നും എന്നാല്‍ വീട്ടിലെ മാറ്റാരെങ്കിലും പണം വച്ചയാള്‍ അറിയാതെ ഡ്രയർ വിറ്റതാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു എഴുതിയത്.

















