ഉസ്ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാർഥിനി സാവരിയ ബസന്തിന്റെ (21) മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസില്‍ നിർണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു.മരണത്തിന് മുമ്പ് ഏകദേശം 24 മണിക്കൂറോളം സാവരിയ ക്രൂരമായ മർദനത്തിനും പീഡനത്തിനും ഇരയായിരുന്നെന്നാണ് പൊലീസ് വിലയിരുത്തല്‍. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മൂർച്ചയില്ലാത്ത ഭാരമുള്ള വസ്തു ഉപയോഗിച്ച്‌ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മർദനവും ചവിട്ടുമേറ്റതിന്റെ ചതവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മരണത്തിന് മുൻപുള്ള ഒരു ദിവസത്തിനിടെ ഉണ്ടായ പരുക്കുകളാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സാവരിയയെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരിക്കാം ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ദീർഘസമയം നീണ്ട പീഡനത്തിനിടെ രക്ഷപ്പെടാൻ കഴിയാതിരുന്നതിന് ഇതാകാം കാരണമെന്നും ഹരിപ്പാട് എസ്.എച്ച്‌.ഒ വി. ഷിബു അറിയിച്ചു.

അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ സാവരിയയുടെ സഹപാഠിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനമാണ് പ്രതി. ഇയാള്‍ നിലവില്‍ ഉസ്ബെക്കിസ്ഥാനില്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സാവരിയയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക