കുട്ടികളെ ബാധിക്കുന്ന ‘കവാസാക്കി’ രോഗത്തിന്റെ എണ്ണം വർദ്ധിക്കുന്നത് ആശങ്കകള്‍ക്കിടയാക്കുന്നു. കോഴിക്കോട് കടലൂർ സ്വദേശിനിയായ ഒമ്പതുകാരി ആയിഷ ഹെല്‍ന കഴിഞ്ഞ ജൂണ്‍ 27ന് കവാസാക്കി രോഗലക്ഷണങ്ങളോടെ മരിച്ചതോടെയാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ആശങ്കയുയർന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗംവർദ്ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തിലേക്കുള്ള രക്തധമനികളെ ബാധിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് കവാസാക്കിയെ ആരോഗ്യലോകം അതീവ ഗൗരവത്തോടെ കാണുന്നത്.
ചില പ്രത്യേക വൈറല്‍ ഇൻഫെക്ഷനുകളോട് കുട്ടികളുടെ ഇമ്മ്യൂണ്‍ സിസ്റ്റം അമിതമായി പ്രതികരിക്കുന്നതാണ് രോഗ കാരണമെന്നാണ് നിഗമനം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടികളുടെ ഹൃദയത്തെ ഇത് ഗുരുതരമായി ബാധിക്കും. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ തകരാറുകള്‍ ഉണ്ടാകാനും ഭാവിയില്‍ ഗുരുതരമായ ഹൃദയസംബന്ധമായ സങ്കീർണതകള്‍ക്ക് വഴിവയ്ക്കാനും ഇത് ഇടയാക്കും. എന്നാല്‍, തുടക്കത്തില്‍ രോഗം തിരിച്ചറിഞ്ഞ് വിദഗ്ദ്ധചികിത്സ നല്‍കിയാല്‍ പൂർണമായും സുഖപ്പെടുത്താം.
എന്താണ് കവാസാക്കി?
ശരീരത്തിലെ ഇടത്തരം രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാകുന്ന രോഗാവസ്ഥയാണിത്. പ്രധാനമായും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. എന്നാല്‍ അപൂർവമായി അഞ്ച് വയസിന് മുകളിലുള്ള കുട്ടികളിലും കാണാറുണ്ട്. 1961-ല്‍ ജാപ്പനീസ് ശിശുരോഗവിദഗ്ദ്ധൻ ഡോ. ടോമിസാക്കു കവാസാക്കിയാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.
ശ്രദ്ധിക്കാം ലക്ഷണങ്ങളെ:
- അഞ്ച് ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ശക്തമായ പനി.
- കണ്ണുകളില്‍ പഴുപ്പോ നീരോ ഇല്ലാതെ ചുവപ്പും തടിപ്പും. നാക്ക് കടുംചുവപ്പ് നിറമാകും ചുണ്ടുകള്‍ വരണ്ടുപൊട്ടും.
- കൈവെള്ളകളിലും കാല്‍വെള്ളകളിലും ചുവപ്പും വീക്കവും.
- ശരീരത്തില്‍ ചുവന്ന തടിപ്പുകളോ തിണർപ്പുകളോ പ്രത്യക്ഷപ്പെടുക.
- കഴുത്തിലെ ലിംഫ് ഗ്രന്ഥികള്‍ വീർക്കുക





