ജനറല്‍ ടിക്കറ്റുമായി റിസർവേഷൻ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ട്രെയിൻ ടിക്കറ്റ് പരിശോധകന് (TTE) യുവതിയുടെ മർദനമേറ്റതായി പരാതി. പാലക്കാട് ഡിവിഷനിലെ TTE സുജിത്തിനാണ് മർദനമേറ്റത്. സംഭവത്തില്‍ ഷൊർണൂർ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാനായി ജനറല്‍ ടിക്കറ്റെടുത്ത യുവതി, ട്രെയിനിലെ S5 റിസർവ്ഡ് കോച്ചിലാണ് കയറിയത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറല്‍ കോച്ചിലേക്ക് മാറി കയറാൻ TTE ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതി തന്നോട് അനാദരവോടെ പെരുമാറുകയും മർദിക്കുകയുമായിരുന്നുവെന്ന് TTE നല്‍കിയ പരാതിയില്‍ പറയുന്നു.
മർദനത്തില്‍ പരിക്കേറ്റ സുജിത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, ടിക്കറ്റ് പരിശോധനയ്ക്കിടെ TTE തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് ആരോപിച്ച് യുവതിയും പോലീസിനെ സമീപിച്ചിട്ടുണ്ട്.രണ്ടുപക്ഷത്തുനിന്നും പരാതി ലഭിച്ച സാഹചര്യത്തില്‍ ഷൊർണൂർ റെയില്‍വേ പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണ്.

















