തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസില്‍ പൊലീസിന് തിരിച്ചടി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് കാരണം കുടുംബ വഴക്കാണെന്നുമുള്ള പ്രതിയുടെ നിർണ്ണായക വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നല്‍കിയ പരാതിയില്‍, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും വഞ്ചിയൂർ പോലീസായിരുന്നു കേസെടുത്തിരുന്നത്.
കേസ് ഇങ്ങനെ
മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ക്രൂരമായ ബ്ലാക്ക്മെയിലിംഗിനും സാമ്പത്തിക ചൂഷണത്തിനും ഒടുവില്‍, ഗത്യന്തരമില്ലാതെ 39 കാരനായ വ്യവസായി പോലീസിനെ സമീപിച്ചതോടെയാണ് അതിവിദഗ്ദ്ധമായി ആസൂത്രണം ചെയ്ത വന്‍ കെണിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. യുവ വ്യവസായിയുമായി റോഷ്നി മുന്‍പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് മുതലാക്കിയാണ് റോഷ്നിയും കൂട്ടാളികളും വന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. 2023 ജൂണ്‍ 22-നാണ് റോഷ്നി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടേതാണെന്നും, ഈ വിവരം വ്യവസായിയുടെ ഭാര്യയെയും മറ്റ് ബന്ധുക്കളെയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തുടക്കം.
വ്യവസായി ഡയറക്ടറായ കമ്പനിയുടെ വാര്‍ഷിക ലാഭത്തിന്റെ 50 ശതമാനത്തോളം തുക ഭീഷണിപ്പെടുത്തി റോഷ്നി സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. നാണക്കേടും കുടുംബം തകരുമെന്ന ഭയവും കാരണം വ്യവസായി റോഷ്നിയും സംഘവും ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. പണമായി മാത്രം കോടികള്‍ റോഷ്ണി വാങ്ങിയിട്ടുണ്ട്. പലതവണയായി 1,80,00,000 (ഒരു കോടി എണ്‍പത് ലക്ഷം) രൂപയാണ് പരാതിക്കാരനില്‍ നിന്ന് ഇവര്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. ഇത് കൂടാതെ കൊച്ചി തൃപ്പൂണിത്തുറയില്‍ 1,20,00,000 (ഒരു കോടി ഇരുപത് ലക്ഷം) രൂപ വിലമതിക്കുന്ന ആഡംബര ഫ്‌ലാറ്റ് റോഷ്നി സ്വന്തം പേരില്‍ വാങ്ങിപ്പിച്ചു.
2024 ജൂണില്‍ തിരുവനന്തപുരം മലയിന്‍കീഴ് വില്ലേജില്‍ 1,30,00,000 (ഒരു കോടി മുപ്പത് ലക്ഷം) രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും വ്യവസായിയെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ജ്വല്ലറികളില്‍ കൊണ്ടുപോയി ഏകദേശം 45 പവനോളം സ്വര്‍ണ്ണാഭരണങ്ങളും യുവതി കൈക്കലാക്കി. വീണ്ടും വന്‍ തുക ആവശ്യപ്പെട്ട് ബ്ലാക്ക്മെയിലിംഗ് തുടര്‍ന്നതോടെയാണ് വ്യവസായി നാണക്കേട് മറന്നുവെച്ച് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്.

















