തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസില്‍ പുതിയ വഴിത്തിരിവ്. പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണെന്ന് അവകാശപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന്റെ വീഡിയോ.കേസിന് പിന്നില്‍ ബിസിനസ് തർക്കമാണെന്നും തന്റെ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നും റോഷ്നി ആരോപിച്ചു.
മാർക്ക് വിജയകുമാറും ജർമ്മൻ ഭാഷാ പരിശീലന സ്ഥാപനം നടത്തുന്ന ബിസിനസ് പങ്കാളികളാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവിട്ട റോഷ്നി, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ പിതാവിന്റെ സ്ഥാനത്ത് വിജയകുമാറിന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവകാശപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകളില്‍ പലതും തെറ്റാണെന്നും താൻ അറസ്റ്റിലായെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ബോധപൂർവമാണെന്നും റോഷ്നി വീഡിയോയില്‍ പറയുന്നു. “ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടം നേടാനുമാണ് ഈ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ എന്നെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടതിനാലാണ് ജാമ്യത്തില്‍ വിട്ടത്,” എന്നാണ് റോഷ്നിയുടെ വാദം.
വഞ്ചിയൂർ പോലീസില്‍ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, 2023 ജൂണില്‍ റോഷ്നി പ്രസവിച്ച കുഞ്ഞ് പരാതിക്കാരന്റേതാണെന്ന് ഭാര്യയെയും കുടുംബാംഗങ്ങളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി കമ്പനിയുടെ വാർഷിക ലാഭത്തിന്റെ 50 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും, തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഏകദേശം 1.80 കോടി രൂപ കൈപ്പറ്റിയതായും പരാതിയിലുണ്ട്. കൂടാതെ 1.20 കോടി രൂപ വിലവരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ്, 1.30 കോടി രൂപ വിലയുള്ള മലയിൻകീഴിലെ 20 സെന്റ് ഭൂമി, ഏകദേശം 45 പവൻ സ്വർണാഭരണങ്ങള്‍ എന്നിവയും പരാതിക്കാരന്റെ പണം ഉപയോഗിച്ച് സ്വന്തമാക്കിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
39-കാരനായ വ്യവസായി നല്‍കിയ പരാതിയിലാണ് വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. റോഷ്നിയെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. തെലങ്കാന സ്വദേശിയാണ് പരാതിക്കാരന്‍. സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കൊച്ചിയിലാണ്.

















