തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ മൂന്നാം ഘട്ട നടപടികളില്‍ രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 84,000ത്തിലധികം വോട്ടർമാരെ ‘മറ്റു കാരണങ്ങള്‍’ ചൂണ്ടിക്കാട്ടി വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കി.ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇല്ലാത്ത പുതിയൊരു വിഭാഗം ഉള്‍പ്പെടുത്തിയാണ് ഈ ഒഴിവാക്കല്‍ നടന്നിരിക്കുന്നത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഈ വർഷം ഡിസംബർ വരെ നീളുന്ന മൂന്നാം ഘട്ട പരിശോധനയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലാണ് ഈ മാറ്റം കാണുന്നത്.

ജൂലൈ ആദ്യ രണ്ടാഴ്ചകളിലായി ഒഡീഷ, മിസോറം, സിക്കിം, മണിപ്പൂർ, ഉത്തരാഖണ്ഡ്, ദാദ്ര-നഗർ ഹവേലി & ദാമൻ-ദിയു എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്‌ വോട്ടർമാരുടെ എണ്ണത്തില്‍ മൊത്തത്തില്‍ ഏഴ് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 32.08 ലക്ഷം പേരുകളാണ് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ, ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ട് ഉള്ളവർ എന്നീ സാധാരണ കാരണങ്ങള്‍ക്ക് പുറമെയാണ് ഒഡീഷ, ഉത്തരാഖണ്ഡ്, ദാദ്ര-നഗർ ഹവേലി & ദാമൻ-ദിയു എന്നിവിടങ്ങളില്‍ ‘മറ്റു കാരണങ്ങള്‍’ എന്ന പുതിയൊരു വിഭാഗം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ആകെ 71.33 ലക്ഷം വോട്ടർമാരാണ് (89.51%) കരട് പട്ടികയില്‍ ഇടംനേടിയത്. ഒഴിവാക്കപ്പെട്ടവരില്‍ 4.77 ലക്ഷം പേർ സ്ഥലം മാറിപ്പോയവരും 1.56 ലക്ഷം പേർ സ്ഥലത്തില്ലാത്തവരുമാണ്. 1.24 ലക്ഷം പേരെ മരണപ്പെട്ടതിനാലും 69,231 പേരെ ‘മറ്റു കാരണങ്ങളാലും’ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.

ഒഡീഷയില്‍ 3.13 കോടി വോട്ടർമാർ (93.97%) കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 8.32 ലക്ഷം പേരെ മരണപ്പെട്ടതിനാലും, 10.07 ലക്ഷം പേരെ സ്ഥലം മാറ്റം കാരണവും, 1.58 ലക്ഷം പേരെ ഇരട്ട വോട്ടിന്റെ പേരിലും ഒഴിവാക്കി. അവശേഷിക്കുന്ന വോട്ടർമാരെയാണ് ‘മറ്റു കാരണങ്ങള്‍’ ചൂണ്ടിക്കാട്ടി ഒഴിവാക്കിയിരിക്കുന്നത്. ദാദ്ര-നഗർ ഹവേലി & ദാമൻ-ദിയു കേന്ദ്രഭരണ പ്രദേശത്ത് 1,106 വോട്ടർമാരെയാണ് ‘മറ്റു കാരണങ്ങള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബിഎല്‍ഒ ആപ്പ് വഴിയാണ് മൂന്നാം ഘട്ടത്തില്‍ ഈ പുതിയ വിഭാഗം ഉള്‍പ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ബി.വി.ആർ.സി പുരുഷോത്തം പറഞ്ഞതായി ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. വീടുകളിലെത്തി പരിശോധന നടത്തുമ്പോള്‍ വിവരശേഖരണ ഫോമുകള്‍ സമർപ്പിക്കാനോ അതില്‍ ഒപ്പിടാനോ വിസമ്മതിച്ച വോട്ടർമാരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഒരു മാസത്തോളം നീണ്ടുനിന്ന വീടുവീടാന്തരുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ബിഎല്‍ഒമാർ കരട് വോട്ടർ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ കരട് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട യഥാർഥ വോട്ടർമാർക്ക് ആശങ്കപ്പെടേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ഒരു മാസത്തെ അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാനുള്ള സമയത്ത് അർഹരായ വോട്ടർമാർക്ക് വീണ്ടും അപേക്ഷ നല്‍കി അന്തിമ വോട്ടർ പട്ടികയില്‍ പേരുചേർക്കാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക