സ്കൂളുകളിലെ കെ ഫോണ്‍ സംവിധാനത്തെ കയ്യൊഴിഞ്ഞ് സർക്കാർ. ഇനി മുതല്‍ കെ ഫോണ്‍ കണക്ഷന്റെ ബില്‍ സ്കൂളുകള്‍ സ്വയം അടയ്ക്കണമെന്ന് കത്ത് അയച്ചു.കണക്ഷൻ കാലാവധി പുതുക്കേണ്ട സമയമായപ്പോള്‍ ആണ് അറിയിപ്പ് വന്നത്. തുടർന്നും കണക്ഷൻ ആവശ്യമുണ്ടോയെന്ന് സ്കൂളുകള്‍ സർക്കാരിനെ അറിയിക്കണം. കണക്ഷൻ ആവശ്യമുള്ള സ്കൂളുകള്‍ സ്വയം ബില്‍ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് 6000 ത്തിലധികം സ്കൂളുകളില്‍ കെ ഫോണ്‍ കണക്ഷൻ ഉണ്ട്. സൗജന്യമല്ലെങ്കിലും സ്കൂളുകള്‍ ഇതുവരെ കെ ഫോണ്‍ ബില്ല് അടച്ചിട്ടില്ല എന്നും കത്തില്‍ പറയുന്നുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപവിദ്യാഭ്യാസ ഡയറക്ടർമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെ യുഡിഎഫ് സർക്കാർ തങ്ങളുടെ ബജറ്റില്‍ തഴഞ്ഞിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ബജറ്റില്‍ യാതൊരു പരാമർശവുമുണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 1,47,485 കെ-ഫോണ്‍ കണക്ഷനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 1,16,360 കണക്ഷനുകളും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. കണക്ഷനുകളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ (31,352). കോട്ടയം (13,000), കോഴിക്കോട് (12,792), എറണാകുളം (11,879) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. കൂടാതെ 30,897 സർക്കാർ ഓഫീസുകളിലും കെ-ഫോണ്‍ കണക്ഷൻ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.





